Sunday, April 15, 2007

ദിവ്യദേശങ്ങള്‍ - 8. തിരു ആറന്മുള

കേരളത്തില്‍ ചെങ്ങന്നൂരിനടുത്തായുള്ള മറ്റൊരു ദിവ്യദേശമാണ് ആറന്മുള. ചെങ്ങന്നൂര്‍ നിന്നും ആറ് മൈല്‍ കിഴക്കായി കാണപ്പെടുന്ന ഒരു സുന്ദര ഗ്രാമമാണ് ആറന്മുള. എറണാകുളം-കൊല്ലം റോഡിലാണിത് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്ന് ഇവിടേയ്ക്ക് ബസ്സുകള്‍ ലഭ്യമാണ്. താമസ സൌകര്യത്തിനായി ഇവിടെ ദേവസ്വം വകയില്‍ ഒരു സത്രവും പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

ഈ ദിവ്യദേശം നിര്‍മ്മിച്ചതും ആരാധിച്ചതും അര്‍ജ്ജുനനാണ്. ജലോത്സവങ്ങളുടെയും ചുരുളന്‍ വള്ളങ്ങളുടെയും നാടായ ആറന്മുള്യ്ക്ക് മഹാഭാരതവുമായി ഒത്തിരി ബന്ധമുണ്ട്.
പ്രധാനപ്പെട്ട ശ്രീകൃഷ്ണ ധാമങ്ങളായ ഗുരുവായൂര്‍, തൃച്ചംബരം, തിരുവാര്‍പ്, അംബലപ്പുഴ എന്നിവയിലൊന്നാണ് ആറന്മുള. ക്ഷേത്ര കവാടമുള്‍പ്പടെ നാല് തൂണുകളിലായിട്ടാണ് ചുറ്റുമതിലുണ്ടാക്കിയിരിയ്ക്കുന്നത്. കിഴക്കേ നടയ്ക്ക് 18 പടവുകളാണുള്ളത്. എന്നാല്‍ വടക്കേ നടയുടെ 57 പടവുകള്‍ താണ്ടി പമ്പയാറ്റില്‍ എത്താവുന്നതാണ് .

മഹാഭാരത യുദ്ധസമയത്ത്, എപ്പോഴാണോ ആര്‍ജ്ജുനനും കര്‍ണ്ണനും തമ്മില്‍ ഏറ്റുമുട്ടിയത്, കര്‍ണ്ണന്‍റെ രഥചക്രം ഒരുവേള ഭൂമിയില്‍ താണുപോയി. രഥത്തില്‍ നിന്ന് താഴെയിറങ്ങിയ കര്‍ണ്ണന്‍ തന്‍റെ രഥ ചക്രം പുറത്തെടുക്കുവാന്‍ പലവുരു ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല., അവിടെ നിന്നും ചക്രത്തെ ഒന്നനക്കാന്‍ കൂടി അദ്ദേഹത്തിന് കഴിഞ്ഞില്ല. ആ സമയത്ത് കര്‍ണ്ണന്‍ അര്‍ജ്ജുനനോടായി കുറച്ച് സമയത്തേയ്ക്ക് യുദ്ധം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പക്ഷെ കര്‍ണ്ണന്‍റെ വാക്കുകളെ തിരസ്കരിച്ചുകൊണ്ട് തേരാളിയായ കൃഷ്ണന്‍റെ നിര്‍ദ്ദേശപ്രകാരം ധനുസ്സ് കുലച്ചു കര്‍ണ്ണനെ അര്‍ജ്ജുനന്‍ വധിയ്ക്കുകയാണുണ്ടായത്.ധര്‍മ്മയുദ്ധത്തിന് വിരുദ്ധമായിട്ടാണ് അര്‍ജ്ജുനനിവിടെ പ്രവര്‍ത്തിച്ചത്, എന്നാല്‍ തന്‍റെ പ്രവൃത്തിയില്‍ അതീവ ദുഃഖാകുലനായ അര്‍ജ്ജുനന് ആ പാപത്തില്‍ നിന്ന് പുറത്തു വരാനായിട്ടാണ് ഈ ക്ഷേത്രം പണികഴിപ്പിയ്ക്കുകയും തിരുക്കുരലപ്പനാകുന്ന ആറന്മുള പാര്‍ത്ഥസാരഥിയെ ഇവിടെ സ്ഥാപിയ്ക്കുകയും ചെയ്തത്.

ഭാരത യുദ്ധത്തിനു ശേഷം അതീവ ദുഃഖാകുലരായ പാണ്ഡവ സഹോദരന്മാര്‍ രാജ്യഭാരം പരീക്ഷിത്തിനെ ഏല്പിച്ചതിനുശേഷം ഭാരതത്തിന്‍റെ നാനാ ഭാഗങ്ങളില്‍ തീര്‍ത്ഥാടനത്തിനായി പുറപ്പെട്ടു. അങ്ങനെ കേരള ദേശത്തെത്തിയ അവര്‍ പമ്പാ നദിയ്ക്കും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും ഓരോ വിഷ്ണു ധാമങ്ങള്‍ സ്ഥാപിയ്ക്കുകയും ആരാധന നടത്തുകയും ചെയ്തിരുന്നു. (ചെങ്ങന്നൂരില്‍ യുധിഷ്ഠിരനും, തൃപ്പുലിയൂരില്‍ ഭീമനും, ആറന്മുളയില്‍ അര്‍ജ്ജുനനും, തിരുവന് വണ്ടൂരില്‍ നകുലനും, തൃക്കൊടിത്താനത്ത് സഹദേവനും അമ്പലങ്ങള് സ്ഥാപിച്ചു.) എന്നാല്‍ അര്‍ജ്ജുനന്‍ നിര്‍മ്മിച്ച ക്ഷേത്രം യഥാര്‍ത്ഥില്‍ നിലയ്ക്കലിലാണ് (ശബരിമലയ്ക്ക് പോകുന്ന വഴിയില്‍) പണികഴിപ്പിച്ചതെങ്കിലും ആറ് കഷ്ണം മുളച്ചീളുകള്‍ ചേര്‍ത്തുകെട്ടീയ ഒരു ചങ്ങാടത്തില്‍ അതിന്‍റെ നിഴല്‍ ഇവിടേയ്ക്ക് കൊണ്ടുവരുകയായിരുന്നു. അതുകൊണ്ടാണീ സ്ഥലത്തിന് ആറന്മുള എന്ന് പേര് വന്നത്.

വാമനമൂര്‍ത്തിയുടെ ഹംസമായാണ് ഇവിടെ ഭഗവാന്‍ അറിയപ്പെടുന്നത്. മഹഭാരത സമയത്ത് ശ്രീമന്‍ നാരായണനിവിടെ അര്‍ജ്ജുനന് വേണ്ടി സാരഥിയാവുകയാണുണ്ടായത്. വാമനമൂര്‍ത്തിയെയും നമുക്കിവിടെ കാണാം. ഭാരത യുദ്ധത്തിന്‍റെ ഒന്‍പതാം ദിവസം കൌരവ പട ഭീഷ്മരുടെ നേതൃത്വത്തില്‍ യുദ്ധത്തിനായി അണി നിരന്നു. ഭീഷ്മ പിതാമഹനെ കണ്ട അര്‍ജ്ജുനന്‍ തന്‍റെ ധനുസ്സ് നിലത്തു വച്ച് തേരിനുള്ളില്‍ യുദ്ധം ചെയ്യാനാകതെയിരുന്നു വിലപിച്ചു. ശത്രുക്കളെ വകവരുത്താനായി കൃഷ്ണനെത്ര ഉപദേശങ്ങള്‍ നല്‍കിയിട്ടൂം അര്‍ജ്ജുനനിളകിയില്ല, ഇതില്‍ കോപാക്രാന്തനായ കൃഷണന്‍ തന്‍റെ രഥത്തില്‍ നിന്ന് പുറത്തേയ്ക്ക് ചാടുകയും രഥചക്രത്തെ കൈയ്യിലുയര്‍ത്തുകയും ചെയ്തു. ഇതുകണ്ട ഭീഷ്മര്‍ ഒരു ഭീരുവിനെ പോലെ അദ്ദേഹത്തിനു മുന്നില്‍ കീഴടങ്ങി കുമ്പിട്ട് നിന്നു. അര്‍ജ്ജുനനാട്ടെ ഭഗവാന്‍റെ പാദങ്ങളെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് വേണ്ടയെന്നഭ്യര്‍ത്ഥിച്ചു. യുദ്ധത്തില്‍ ആയുധമെടുക്കില്ല എന്ന കൃഷ്ണപ്രതിജ്ഞ്യ്ക്ക് ലംഘനമാകുമെന്നര്‍ജ്ജുനന്‍ ഭയന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഭഗവാന്‍റെ നിഴലായിരുന്നു രഥചക്രവുമായി നിലകൊണ്ടത്. അതു തന്നെയാണ് ഈ മഹാ ക്ഷേത്രത്തിന്‍റെ സൃഷ്ടി രഹസ്യവും.

ഒരിയ്ക്കല്‍ ബ്രഹ്മദേവന്‍ തന്‍റെ ജ്ഞാന ഗ്രന്ഥങ്ങളായ വേദങ്ങളെ മധുകൈതപന്മാര്‍ മോഷ്ടിച്ചുകൊണ്ട് പോകുകയും അത് തിരികെ ലഭിയ്ക്കുന്നതിനായി ഇവിടെ വന്ന് വലിയ തപസ്യകളൊക്കെ അനുഷ്ടിച്ചിരുന്നു. ഭഗവാന്‍ ബ്രഹ്മദേവനിവിടെ ദര്‍ശനമരുളുകയും സൃഷ്ടി രഹസ്യങ്ങള്‍ വീണ്ടും അദ്ദേഹത്തിന് ഉപദേശിച്ച് കൊടുക്കുകയും ചെയ്തു.

ഓണാഘോഷവും ഡിസംബര്‍-ജനുവരി മാസത്തിലുള്ള ഖാണ്ഡവ ദഹനവുമാണിവിടുത്തെ രണ്ട് പ്രധാന ഉത്സവങ്ങള്‍. ജലകേളികളുടെ നാടായ ആറന്മുളയിലേയ്ക്ക് ഒരു വഞ്ചിയില്‍ തൊട്ടടുത്തഗ്രാമത്തില്‍ നിന്ന് അരിയും മറ്റ് സദ്യവട്ടങ്ങളും ഇവിടേയ്ക്ക് കൊണ്ടുവന്ന് വള്ള സദ്യ നടത്തുന്നു. വിശന്നു വലഞ്ഞ തീര്‍ത്ഥാടകനെ ഊട്ടാന്‍ ഭഗവാന്‍ ഒരു ഭക്തനെ ഏര്‍പ്പാടു ചെയ്യുകയും അപ്രത്യക്ഷമാകുകയും ചെയ്തതായി പഴമക്കാര്‍ പറയുന്നു. ആ ഓര്‍മ്മയ്ക്കായിട്ടാണിന്നും ഇവിടെ വള്ള സദ്യ നടത്തുന്നത്.

ചുരുളന്‍ വള്ളംകളി മത്സരത്തില്‍ 39 കരകള്‍ പങ്കെടുക്കുന്നുണ്ടിവിടെ: പടിഞ്ഞാറുള്ള ചെന്നിത്തലമുതല്‍ കിഴക്കുള്ള റാന്നി വരെയുള്ള വിവിധ കരകള്‍ അവരവരുടെ സാന്നിധ്യമറിയിയ്ക്കുന്നു. ഒരു വിനോദത്തിന്‍റെ വീറും വാശിയും അതറിയണമെങ്കില്‍ ഈ മത്സരങ്ങള്‍ നാം നേരില്‍ കാണേണ്ടതാണ് .

ഇവിടുത്തെ മൂലവിഗ്രഹം തിരുക്കുരലപ്പനെന്നാണറിയപ്പെടുന്നത്. പാര്‍ത്ഥസാരഥിയെന്നാണപര നാമം. മൂലവിഗ്രഹം നിന്ന തിരുക്കോലത്തിലാണിവിടെ കാണപ്പെടൂന്നത്, തിരുമുഖ ദര്‍ശനം കിഴക്കോട്ടുമാണ്. ബ്രഹ്മദേവനും വേദവ്യാസനും ഇവിടെ ഭഗവാന് ദര്‍ശനം നല്‍കിയിട്ടുണ്ട്.
ഇവിടെ ലക്ഷ്മീദേവി പദ്മാസിനി നാച്ചിയാരെന്നാണറിയപ്പെടുന്നത്.മംഗളാശസനമായി നാമ്മാള്‍വാരിവിടെ 10 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നു. ഭഗവാനിവിടെ മഹര്‍ഷി വേദവ്യാസന്‍ ദര്‍ശനം നല്‍കിയകാരണം ഇവിടൂത്തെ പുഷ്കരണിയെ വേദവ്യാസ സരസ് എന്നണറിയപ്പെടൂന്നത് അതു കൂടാതെ ഒരു പദ്മ തീര്‍ത്ഥവും കാണപ്പെടുന്നുണ്ട്. വാമന വിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.

1 comment:

എന്‍റെ ഗുരുനാഥന്‍ said...

ഭാരത യുദ്ധത്തിനു ശേഷം അതീവ ദുഃഖാകുലരായ പാണ്ഡവ സഹോദരന്മാര്‍ രാജ്യഭാരം പരീക്ഷിത്തിനെ ഏല്പിച്ചതിനുശേഷം ഭാരതത്തിന്‍റെ നാനാ ഭാഗങ്ങളില്‍ തീര്‍ത്ഥാടനത്തിനായി പുറപ്പെട്ടു. അങ്ങനെ കേരള ദേശത്തെത്തിയ അവര്‍ പമ്പാ നദിയ്ക്കും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും ഓരോ വിഷ്ണു ധാമങ്ങള്‍ സ്ഥാപിയ്ക്കുകയും ആരാധന നടത്തുകയും ചെയ്തിരുന്നു.