Thursday, March 29, 2007

ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:3


കൃഷ്ണ ദ്വൈപായന വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.


ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:


സ്കന്ധം ഒന്ന്


സൃഷ്ടി


അദ്ധ്യായം:3


എല്ലാ അവതാരങ്ങളുടെയും പ്രഭവസ്ഥാനം-ശ്രീ കൃഷ്ണന്‍


ശ്ലോകം 1
സൂത ഉവാച
ജഗൃഹേ പൌരുഷം രൂപം
ഭഗവാന്‍ മഹദാദിഭിഃ
സംഭൂതം ഷോഡശകലം
ആദൌ ലോകസിസൃക്ഷയാ
വിവര്‍ത്തനം

സൂതന്‍ പറഞ്ഞു: സൃഷ്ടിയുടെ ആരംഭത്തില്‍, ഭഗവാന്‍ സ്വയം വികസിയ്ക്കുകയും പുരുഷാവതാരിയായ വിരാട രൂപം കൈക്കൊണ്ട് ഭൌതിക സൃഷ്ടിയ്ക്കാവശ്യമായ എല്ലാ വസ്തുക്കളും അവിടെ പ്രത്യക്ഷമാക്കി. അങ്ങനെ അവിടെ ആദ്യമായി ഭൌതിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പതിനാറ് മൂല സൂത്രങ്ങളെ സൃഷ്ടിച്ചു. ഭൌതിക പ്രപഞ്ചത്തെ സൃഷ്ടിയ്ക്കാന്‍ വേണ്ടിയാണ് ഭഗവാന്‍ അങ്ങനെ ചെയ്തത്.
ശ്ലോകം 2
യസ്യാംഭസി ശയാനസ്യ
യോഗനിദ്രാം വിതന്വതഃ
നാഭിഹ്രദാംബുജാദാസീത്
ബ്രഹ്മാ വിശ്വസൃജാം പതിഃ
വിവര്‍ത്തനം

ആ പുരുഷാവതാരിയുടെ ഒരു ഭാഗം പ്രപഞ്ചജലത്തിനടിയിലായാണ് സ്ഥിതിചെയ്യുന്നത്, അവിടുത്തെ നാഭിയില്‍ നിന്നും ഒരു താമര താര് മുളച്ചു പൊന്തിയിരിയ്ക്കുന്നു, ആ താമരതണ്ടിന് മുകളിലായി ഒരു പദ്മം വിടര്‍ന്നു നില്‍ക്കുന്നു, അതിനു മുകളിലായി സൃഷ്ടിയുടെ നാഥനായ ബ്രഹ്മാവ് അവതരിച്ചിരിക്കുന്നു.

ശ്ലോകം 3
യസ്യാവയവസംസ്ഥാനൈഃ
കല്പിതോ ലോകവിസ്തരഃ
തദ്വൈ ഭഗവതോ രൂപം
വിശുദ്ധം സത്വമൂര്‍ജ്ജിതം
വിവര്‍ത്തനം

വികസിതരൂപമായ ആ പുരുഷാവതാരിയിലാണ് എല്ലാ പ്രപഞ്ച സൌരയൂഥങ്ങളുടെയും സ്ഥിതിയെന്ന് കരുതിപ്പോരുന്നു, അവിടുത്തെ സൃഷ്ടിയുടെ ഫലമായുണ്ടായ ഭൌതിക ഘടകങ്ങളുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. സനാതനമായി ആത്മീയതലത്തില്‍ വിരാജിയ്ക്കുന്ന അവിടുത്തെ ശരീരം അതിവിശിഷ്ടമായിരിയ്ക്കുന്നു.

ശ്ലോകം 4
പശ്യന്ത്യദോ രൂപമദഭ്രചക്ഷുഷാ
സഹസ്രപാദോരുഭുജാനനാദ്ഭുതം
സഹസ്രമൂര്‍ദ്ധശ്രവണാക്ഷിനാസികം
സഹസ്രമൌല്യംബരകുണ്ഡലോല്ലസത്‌
വിവര്‍ത്തനം

ആയിരക്കണക്കിന് പാദങ്ങളും, തുടകളും, കരങ്ങളും, മുഖങ്ങളും ഉള്‍ക്കൊണ്ടിരിയ്ക്കുന്ന ആ ആത്മീയരൂപം ഭക്തന്മാരുടെ പൂര്‍ണ്ണ നേത്രങ്ങള്‍ക്ക് മാത്രമേ ആ പുണ്യാത്ഭുതരൂപ ദര്‍ശന സൌഭഗം ലഭിയ്ക്കുകയുള്ളൂ. അനവധി ശിരസ്സും, കര്‍ണ്ണങ്ങളും, നേത്രങ്ങളും, നാസികകളും അതിലുണ്ട്. ആയിരക്കണക്കിന് കിരീടങ്ങളും, തിളങ്ങുന്ന കര്‍ണ്ണാഭരണങ്ങളും, പുഷ്പഹാരങ്ങളും കൊണ്ട് അതെല്ലാം മനോഹരമായി അലങ്കരിച്ചിരിയ്ക്കുന്നു.

ശ്ലോകം 5
ഏതന്നാനാവതാരാണാം
നിധാനം ബീജമവ്യയം
യസ്യാംശാംശേന സൃജ്യന്തേ
ദേവതിര്യങ്നരാദയഃ

വിവര്‍ത്തനം

പരമ പുരുഷന്‍റെ ദ്വിതീയവതാരമായ ഈ രൂപം പ്രസ്തുത പ്രപഞ്ചത്തിലെ, ബഹുവിധമായ വിനാശമില്ലാത്ത ബീജമാണ്. ഈ വിരാടരുപത്തിന്‍റെ ഭാഗങ്ങളില്‍ നിന്നും ഘടക വസ്തുക്കളില്‍ നിന്നുമാണ് മറ്റ് പല ജീവ സത്തകളായ ഉപദൈവതങ്ങളും, മനുഷ്യനും മറ്റുള്ളവയും സൃഷ്ടിയ്ക്കപ്പെട്ടത്.
ശ്ലോകം 6
സ ഏവ പ്രഥമം ദേവഃ
കൌമാരം സര്‍ഗ്ഗമാസ്ഥിതഃ
ചചാര ദുശ്ചരം ബ്രഹ്മാ
ബ്രഹ്മചര്യമഖണ്ഡിതം

വിവര്‍ത്തനം

സൃഷ്ടീയുടെ ആദ്യ ഘട്ടത്തില്‍ ബ്രഹ്മാവിന്‍ നാല്‍ പുത്രന്മാരുണ്ടായിരുന്നു, അവര്‍ വിവാഹം കഴിയ്ക്കാതെയും പരമസത്യത്തെ മനസ്സിലാക്കുന്നതിന്‍ പലേ കഠിനാനുഷ്ഠാനങ്ങള്‍ നടത്തിയും ബ്രഹ്മചാര്യ വ്രതത്തില്‍ കഴിഞ്ഞുപോന്നു.

ശ്ലോകം 7
ദ്വിതീയം തു ഭവായാസ്യ
രസാതലഗതാം മഹീം
ഉദ്ധരിഷ്യന്നുപാധത്ത
യജ്ഞേശഃ സൌകരം വപുഃ

വിവര്‍ത്തനം

യജ്ഞ സ്വീകാരിയായ ഭഗവാന്‍ അതിനുശേഷം ശൂകര രുപം സ്വീകരിച്ചു(ദ്വിതീയവതാരം), കൂടാതെ ഭൂമിദേവിയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അവിടുന്ന് നരക ലോകങ്ങളില്‍ നിന്ന് ഭൂമിയെ ഉയര്‍ത്തി വച്ചു.

ശ്ലോകം 8
തൃതീയമൃഷിസര്‍ഗ്ഗം ച
ദേവര്‍ഷിത്വമുപേത്യ സഃ
തന്ത്രം സാത്വതമാചഷ്ട
നൈഷ്കര്‍മ്മ്യം കര്‍മ്മണാം യതഃ
വിവര്‍ത്തനം

ഋഷിമാരുടെ ആയിരം വര്‍ഷത്തില്‍ അവിടുന്ന്, പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ തന്‍റെ മൂന്നാമത്തെ അവതാരമായി ഉപദേവന്മാരില്‍ ശ്രേഷ്ടനായ ദേവര്‍ഷി നാരദരുടെ രൂപം കൈക്കൊള്ളുകയും ചെയ്തു. കൂടാതെ ഭക്തിയുത ഭഗവദ് സേവനത്തെയും അതിലൂടെ നമുക്കു കൈവരിയ്ക്കവുന്ന ഫലേച്ഛകൂടാതെയുള്ള ധര്‍മ്മത്തെയും സ്വാംശീകരിച്ചിരിയ്ക്കുന്ന വേദഭാഗങ്ങളെ സ്വരൂപിയ്ക്കുകയും അവ മറ്റുള്ളവര്‍ക്കായി വിതരണം ചെയ്യുകയും ച്യ്തു.

ശ്ലോകം 9
തുര്യേ ധര്‍മ്മകലാസര്‍ഗ്ഗേ
നരനാരായണാവൃഷീ
ഭൂത്വാത്മോപശമോപേത-
മകരോദ്ദുശ്ചരം തപഃ
വിവര്‍ത്തനം

നാലാമത്തെ അവതാരത്തില്‍ ഭഗവാന്‍ ധര്‍മ്മ മഹാരാജാവിന്‍റെ പത്നിയുടെ ഇരട്ട പുത്രന്മാരായ നര, നാരായണന്മാരായി അവതരിച്ചു. അങ്ങനെ അവിടുന്ന് കാഠിന്യമേറിയതും ശ്രേഷ്ഠവുമായ തപശ്ചര്യകള്‍ അനുഷ്ഠിച്ച് ഇന്ദ്രിയങ്ങളെ എങ്ങനെ നിയന്ത്രിയ്ക്കാം എന്നത് കാണിച്ചു തന്നു.

ശ്ലോകം 10
പഞ്ചമഃ കപിലോ നാമഃ
സിദ്ധേശഃ കാലവിപ്ലുതം
പ്രോവാചാസുരയേ സാംഖ്യം
തത്വഗ്രാമവിനിര്‍ണ്ണയം
വിവര്‍ത്തനം

അഞ്ചാമതായി പരിപൂര്‍ണ്ണത കൈവരിച്ച ശ്രേഷ്ഠരായ വ്യ്ക്തികളില്‍ ഭഗവാന്‍ കപില ദേവനായി അവതരിച്ചു. അവിടുന്ന് തത്ത്വമീമാംസയെയും സൃഷ്ടിമൂലകങ്ങളെയും വ്യാഖ്യാനിച്ചു, പക്ഷെ കാലം കടന്നു പോകുന്നതിനിടയില്‍ ആ ജ്ഞാന ശാഖ നശിയ്ക്കുകയാണുണ്ടായത്.
ശ്ലോകം 11
ഷഷ്ഠമത്രേരപത്യത്വം
വൃതഃ പ്രാപ്തോऽനസൂയയാ
ആന്വീക്ഷികീമളര്‍ക്കായ
പ്രഹ്ലാദാദിഭ്യ ഊചിവാന്‍

വിവര്‍ത്തനം

അത്രി പുത്രനായ ദത്താത്രേയനായിരുന്നു പുരുഷാവതാരങ്ങളില്‍ ആറാമത്തേത്. ഭഗവാന്‍റെ ഒരവതാരത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച അനസൂയയുടെ ഗര്‍ഭത്തിലായിരുന്നു അവിടുന്ന് ജന്മം കൊണ്ടത്. അദ്ധ്യാത്മിക വിഷയങ്ങളില്‍ അവിടുന്ന് അളാര്‍ക്കനും, പ്രഹ്ലാദനും, യദുവിനും, ഹൈഹയനും അങ്ങനെ മറ്റുപലര്‍ക്കും അങ്ങ് ഗുരുവായി.
ശ്ലോകം 12
തതസ്സപ്തമ ആകൂത്യാം
രുചേര്യജ്ഞോഭ്യജായത
സ യാമാദ്യൈസ്സുരഗണൈ-
രപാത്‌സ്വായംഭുവാന്തരം
വിവര്‍ത്തനം

പ്രജാപതി രുചിയുടെയും പത്നി ആകുതിയുടെയും പുത്രനായ യജ്ഞന്‍ ആയിരുന്നു ഭഗവാന്‍റെ എഴാമത്തെ അവതാരം. സ്വയംഭൂവമനുവിന്‍റെ പരിവര്‍ത്തന സമയമാണദ്ദേഹത്തിന്‍റെ ഭരണകാലം. ഉപദേവന്മാരില്‍ അവിടുത്തെ പുത്രനായിരുന്ന യമനും മറ്റ് ഉപദേവന്മാരും അദ്ദേഹത്തിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നു.

ശ്ലോകം 13
അഷ്ടമേ മേരുദേവ്യാം തു
നാഭേര്‍ജ്ജാ‍ത ഉരുക്രമഃ
ദര്‍ശയന്‍ വര്‍ത്മ ധീരാണാം
സര്‍വാശ്രമനമസ്കൃതം
വിവര്‍ത്തനം

എട്ടാമത്തെ അവതാരമായ ഋഷഭ മഹാരാജാവ്, നഭി മഹരാജാവിന്‍റെയും പത്നി മേരുവതിയുടെയും പുത്രനായിരുന്നു. പൂര്‍ണ്ണമായുള്ള ഇന്ദ്രിയ നിയന്ത്രണം വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളുടെ പാലനം എന്നിവയിലേയ്ക്കുള്ള പാതയാണദ്ദേഹം ഈ അവതാരത്തിലൂടെ കാണിച്ചുകൊടുത്തത്, അതുവഴി പരിപൂര്‍ണ്ണത എന്താണെന്ന് ജീവാത്മക്കള്‍ക്ക് കാണിച്ചു കൊടുത്തു.

ശ്ലോകം 14
ഋഷിഭിര്‍‌യാചിതോ ഭേജേ
നവമം പ്രാര്‍ഥിവം വപുഃ
ദുഗ്ദ്ധേമാമോഷധീര്‍വിപ്രാ-
സ്തേനായം സ ഉശത്തമഃ
വിവര്‍ത്തനം

അല്ലയോ ബ്രാഹ്മണരേ, മുനിമാരുടെ പ്രാര്‍ത്ഥനകളുടെ ഫലമായി അവിടുന്ന് തന്‍റെ ഒന്‍പതാമത്തെ അവതാരത്തിലൂടെ ഒരു രാജാവിന്‍റെ(പൃഥു മഹരാജാവ്) ശരീരം സ്വീകരിയ്ക്കുകയും ഭൂമിയില്‍ കൃഷിയിറക്കി പലതരത്തിലുള്ള ഉല്പന്നങ്ങള്‍ കൊയ്തെടുത്തു, അക്കാരണത്താല്‍ തന്നെ ഭൂമി വളരെ സുന്ദരിയായും ആകൃഷ്ടയായും കാണപ്പെട്ടു.

ശ്ലോകം 15
രൂപം സ ജഗൃഹേ മാത്സ്യം
ചാക്ഷുഷോദധിസം‌പ്ലവേ
നാവ്യാരോപ്യ മഹീമയ്യാ-
മപാദ്‌ വൈവസ്വതം മനും

വിവര്‍ത്തനം

ചക്ഷുസ മനുവിന്‍റെ കാലഘട്ടത്തിനുശേഷം എപ്പോഴാണോ ഇവിടെ പ്രളയം ബാധിച്ചത് ഈ ലോകം മുഴുവനും ജലത്തിനടിയില്‍ അകപ്പെട്ടുപോയി, അങ്ങനെ ഭഗവാന്‍ ഒരു മത്സ്യരൂപത്തില്‍ വന്ന് വൈവസ്വതമനുവിനെ സം രക്ഷിച്ച്, ഒരു നൌകയിലെടുത്തു വച്ചു.
ശ്ലോകം 16
സുരാസുരാണാമുദധിം
മഥ്നതാം മന്ദരാചലം
ദധ്രേ കമഠരൂപേണ
പൃഷ്ഠ ഏകാദശേ വിഭുഃ
വിവര്‍ത്തനം

പതിനൊന്നാമത്തെ അവതാരമായി ഭഗവാന്‍ ഒരു ആമയുടെ രൂപം സ്വീകരിയ്ക്കുകയും അതിന്‍റെ പുറം ചട്ടയിന്മേല്‍ സുരന്മാരും അസുരന്മാരും ചേര്‍ന്ന് അമൃത് കടഞ്ഞെടുക്കുന്നതിന് വേണ്ടി മന്ധരാചല പര്‍വ്വതത്തെ ഉറപ്പിയ്ക്കുകയും ചെയ്തു.

ശ്ലോകം 17
ധാന്വന്തരം ദ്വാദശമം
ത്രയോദശമമേവ ച
അപായയത്‌ സുരാനന്യാന്
‍മോഹിന്യാ മോഹയന്‍ സ്ത്രിയാ

വിവര്‍ത്തനം

പന്ത്രണ്ടാമത്തെ അവതാരത്തില്‍ ഭഗവാന്‍ ധന്വന്തരിയായും പതിമൂന്നാമത്തേതില്‍ ഭഗവാന് അസുരന്മാരെ വശീകരിയ്ക്കുന്നതിനായി സുര സുന്ദരിയായ മോഹിനിയായും അവതരിച്ച് അമൃത് ദേവന്മാരെക്കൊണ്ട് പാനം ചെയ്യിയ്ക്കുകയും ചെയ്തു.

ശ്ലോകം 18
ചതുര്‍ദ്ദശം നാരസിംഹം
ബിഭ്രദ്ദൈത്യേന്ദ്രമൂര്‍ജ്ജിതം
ദദാര കരജൈര്‍വക്ഷ-
സ്യേരകാം കടകൃദ്യഥാ

വിവര്‍ത്തനം

പതിനലാമത്തെ അവതാരത്തില്‍ ഭഗവാന്‍ നരസിംഹമൂര്‍ത്തിയായി അവതരിയ്ക്കുകയും അസുരചക്രവര്‍ത്തിയും ബലവാനുമായ ഹിരണ്യകശിപുവിനെ ഒരു തച്ചന്‍ കരിമ്പുതണ്ടിനെ രണ്ടായി കീറിമുറിയ്ക്കുന്ന ലാഘവത്തോടെ തന്‍റെ നഖങ്ങള്‍കൊണ്ട് ഹിരണ്യകശിപുവിനെ രണ്ടായി മാന്തി പിളര്‍ന്നു.

ശ്ലോകം 19
പഞ്ചദശം വാമനകം
കൃത്വാऽഗാദധ്വരം ബലേഃ
പദത്രയം യാചമാനഃ
പ്രത്യാദിത്സുസ്ത്രിവിഷ്ടപം

വിവര്‍ത്തനം

പതിനഞ്ചാമത്തെ അവതാരത്തില്‍ ഭഗവാന്‍ കുള്ള ബ്രഹ്മണനായ വാമനനായി അവതരിയ്ക്കുകയും ബലി മഹാരാജാവ് ഒരുക്കിയ യാഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. ത്രിലോകങ്ങളുടെയും അധിപനായ അദ്ദേഹം അതൊക്കെ ഹൃത്തിലൊതുക്കി വെറും മൂന്നടീ ഭൂമിയാണ് ദാനമായി യാചിച്ചത്.

ശ്ലോകം 20
അവതാരേ ഷോഡശമേ
പശ്യന്‍ ബ്രഹ്മദ്രുഹോ നൃപാന്
‍ത്രിസ്സപ്തകൃത്വഃ കുപിതഃ
നിക്ഷത്രാമകരോന്മഹീം
വിവര്‍ത്തനം

ഭഗവാന്‍റെ പതിനാറാമത്തെ അവതാരത്തില്‍ അവിടുന്ന് ക്ഷത്രിയ നിഗ്രഹത്തിനായി ഭൃഗുപതിയായി അവതരിയ്ക്കുകയും പതിനൊന്ന് പ്രാവശ്യം ക്ഷത്രിയ നിഗ്രഹം നടത്തുകയും ചെയ്തു. ക്ഷത്രിയര്‍ അഹംങ്കാരത്താല്‍ ശ്രേഷ്ഠരായ ബ്രഹ്മണരെ ഉപദ്രവിയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ഭഗവാന്‍ ഇങ്ങനെ ചെയ്തത്.

ശ്ലോകം 21
തതസ്സപ്തദശേ ജാതഃ
സത്യവത്യാം പരാശരാത്‌
ചക്രേ വേദതരോശ്ശാഖാ
ദൃഷ്ട്വാ പുംസോऽല്പമേധസഃ

വിവര്‍ത്തനം

അതിനുശേഷം തന്‍റെ പതിനേഴാമത്തെ അവതാരത്തിലൂടെ അവിടുന്ന്, ശ്രീ വ്യാസദേവനായി പരാശരമുനിയിലൂടെ സത്യവതിയുടെ ഗര്‍ഭത്തില്‍ പ്രവേശിയ്ക്കുകയും, വേദങ്ങളെ പലേ വിഭാഗങ്ങളായും ഉപ വിഭാഗങ്ങളായും വിഭജിയ്ക്കുകയും ചെയ്തു, സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടിയാണദ്ദേഹം ഇങ്ങനെ ചെയ്തത്.

ശ്ലോകം 22
നരദേവത്വമാപന്നഃ
സുരകാര്യചികീര്‍ഷയാ
സമുദ്രനിഗ്രഹാദീനി
ചക്രേ വീര്യാണ്യതഃ പരം

വിവര്‍ത്തനം

തന്‍റെ പതിനെട്ടമത്തെ അവതാരത്തില്‍ അവിടുന്ന് മര്യാദാ പുരുഷോത്തമനായ ശ്രീരാമനായി അവതരിച്ചു. ഉപദേവന്മാരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായി അവിടുന്ന് അമാനുഷിക കഴിവുകള്‍ പ്രയോഗിയ്ക്കുകയും, ഭാരത സമുദ്രം കടന്ന് അവിടുന്ന് അസുര ചക്രവര്‍ത്തിയായ രാവണനെ നിഗ്രഹിയ്ക്കുകയും ചെയ്തു.

ശ്ലോകം 23
ഏകോനവിംശേ വിംശതിമേ
വൃഷ്ണിഷു പ്രാപ്യ ജന്മനീ
രാമകൃഷ്ണാവിതി ഭുവോ
ഭഗവാനഹരദ്‌ഭരം

വിവര്‍ത്തനം

പത്തൊന്‍പതാമത്തെയും ഇരുപതാമത്തെയും അവതാരങ്ങളില്‍ ഭഗവാന്‍ സ്വയം കൃഷ്ണ ബലരാമന്മാരായി വൃഷ്ണികുലത്തില്‍(യദു കുലം) അവതരിച്ചു, പ്രസ്തുത അവതാരത്തിലൂടെ ഭഗവാന്‍ ലോകത്തിലെ പലേ പ്രശ്നങ്ങളും ദുരീകരിച്ചു.

ശ്ലോകം 24
തതഃ കലൌ സം‌പ്രവൃത്തേ
സമ്മോഹായ സുരദ്വിഷാം
ബുദ്ധോ നാ മ്നാऽജനസുതഃ
കീകടേഷു ഭവിഷ്യതി
വിവര്‍ത്തനം

കലിയുഗാരംഭത്തില്‍ ഭഗവാന്‍ ഗയ എന്ന സ്ഥലത്ത് അജ്ഞനാപുത്രനായ ശ്രീബുദ്ധനായി അവതരിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഈശ്വരവിശ്വാസികളില്‍ അസൂയാലുക്കളായവരെ ഉന്മൂലനം ചെയ്യുന്നതിനായിരിയ്ക്കും അവിടുത്തെ ആ ഉദ്യമം.

ശ്ലോകം 25
അഥാസൌ യുഗസന്ധ്യായാം
ദസ്യുപ്രായേഷു രാജസു
നിതാ വിഷ്ണുയശസോ
നാ മ്നാ കല്‍ക്കിര്‍ജഗത്‌പതിഃ
വിവര്‍ത്തനം

അനന്തരം രണ്ടു യുഗങ്ങളുടെയും സന്ധി വേളയില്‍ സൃഷ്ടികര്‍ത്താവായ ഭഗവാന്‍ വിഷ്ണു യശന്‍റെ പുത്രനായി കല്‍ക്കിയായി അവതരിയ്ക്കും. അക്കാലത്ത് ഭൂമിയിലെ ഭരണകര്‍ത്താക്കളെല്ലാം തന്നെ കവര്‍ച്ചക്കരായി തരംതാഴുകയും ചെയ്യും.
ശ്ലോകം 26
അവതാരാഹ്യസംഖ്യേയാ
ഹരേഃ സത്വനിധേര്‍ദ്വിജാഃ
യഥാऽവിദാസിനഃ കുല്യാഃ
സരസസ്സ്യുഃ സഹസ്രശഃ

വിവര്‍ത്തനം

അല്ലയോ ബ്രാഹ്മണരേ, ഒരിയ്ക്കലും വറ്റാത്ത നീരുറവകളില്‍ നിന്നുദ്ഭവിയ്ക്കുന്ന ചെറു നദികള്‍ കണക്കെ ഭഗവാന്‍റെ അവതാരങ്ങളും എണ്ണമറ്റതാണ് .

ശ്ലോകം 27
ഋഷയോ മനവോ ദേവാ
മനുപുത്രാ മഹൌജസഃ
കലാഃ സര്‍വേ ഹരേരേവ
സപ്രജാപതയസ്തഥാ
വിവര്‍ത്തനം

വളരെ ശക്തന്മാരായ ഋഷിവര്യരും, മനുക്കളും കൂടാതെ മനുവംശത്തില്‍ വരുന്ന മറ്റുള്ളവരും എല്ലാം ഭഗവാന്‍റെ തന്നെ തുല്യശക്തി പേറുന്ന വിഭാഗങ്ങളോ ഭാഗഭാഗഥേയങ്ങളോ ആണ് . പ്രജാപതികളും ഈ ഗണത്തില്‍ പ്പെടുന്നവരാണ് .

ശ്ലോകം 28
ഏതേ ചാംശകലാഃ പുംസഃ
കൃഷ്ണസ്തു ഭഗവാന്‍ സ്വയം
ഇന്ദ്രാരിവ്യാകുലം ലോകം
മൃഡയന്തി യുഗേ യുഗേ
വിവര്‍ത്തനം

മുകളില്‍ പറഞ്ഞവരെല്ലാം തന്നെ ഭഗവാന്‍റെ ഭാഗങ്ങളോ ഭാഗഭാഗഥേയങ്ങളോ ആണെങ്കിലും ഭഗവാന്‍ ശ്രീ കൃഷ്ണനാണ് യഥാര്‍ത്ഥത്തില്‍ പരമ ദിവ്യോത്തമ പുരുഷന്‍. അസുരന്മാരാല്‍ സൃഷ്ടിയ്ക്കപ്പെടുന്ന കൌശലങ്ങള്‍ക്കൊക്കെയും പരിഹാരം കാണുന്നതിന് ഇവരും അതാത് ഗ്രഹങ്ങളില്‍ പ്രത്യക്ഷമാകുന്നു. ഭക്തവത്സനായ ഭഗവാന്‍ എല്ലായ്പ്പോഴും സുരന്മാരുടെ രക്ഷയ്ക്കായി അവതാരമെടുത്തുകൊണ്ടേയിരിയ്ക്കുന്നു.

ശ്ലോകം 29
ജന്മ ഗുഹ്യം ഭഗവതോ
യ ഏതത്‌പ്രയതോ നരഃ
സായം പ്രാതര്‍ഗൃണന്‍ ഭക്ത്യാ
ദുഃഖഗ്രാമാദ്‌വിമുച്യതേ
വിവര്‍ത്തനം

ഇത്തരത്തിലുള്ള ഭഗവാന്‍റെ അജ്ഞേയമായ പ്രത്യക്ഷപ്പെടലുകളെക്കുറിച്ച് ആരാണോ ശ്രദ്ധയോടെയും ഭക്തിയോടെയും പ്രഭാതത്തിലും പ്രദോഷത്തിലും അങ്ങയെ വഴ്ത്തി സ്തുതിയ്ക്കുന്നത് അക്കൂട്ടരെ ഭവസാഗരത്തില്‍ നിന്നും ഭഗവാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ സംരക്ഷിയ്ക്കുന്നതാണ് .

ശ്ലോകം 30
ഏതദ്രൂപം ഭഗവതോ
ഹ്യരൂപസ്യ ചിദാത്മനഃ
മായാഗുണൈര്‍വിരചിതം
മഹദാദിഭിരാത്മനി
വിവര്‍ത്തനം

ഭഗവാന്‍റെ, ഈ പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വിരാടസ്വരൂപം ഒരു സാമാന്യ സങ്കല്പം മാത്രമാണ്, ഭൌതികലോകത്തില്‍ പ്രത്യക്ഷമാകുന്ന ആ രൂപം വെറും ഭാവനാസൃഷ്ടം മാത്രവും. അല്പബുദ്ധികളുടെ (അവിശ്വാസികളുടെ) മുന്നില്‍ ഭഗവാന് രൂപമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിനുള്ള ഒരുപായം മാത്രമാണത്. എന്നാല്‍ വാസ്ഥവത്തില്‍ ഭഗവാന് ഭൌതികമായൊരു നിയതരൂപമില്ല.
ശ്ലോകം 31

യതാ നഭസി മേഘൌഘോ
രേണുര്‍ വ പാര്‍ത്ഥിവോ അനിലേ
ഏവം ദൃഷ്ഠാരി ദൃശ്യത്വം
ആരോപിതം അബൂദ്ധിഭിഃ
വിവര്‍ത്തനം

മേഘങ്ങളും പൊടിപടലങ്ങളും കാറ്റില്‍ പറക്കുന്നു, എന്നാല്‍ അല്പബുദ്ധികളായവര്‍ പറയും ആകാശം മേഘങ്ങളെക്കൊണ്ടു നിറഞ്ഞതാണെന്നും വായു മലിനമാണെന്നും മറ്റും. അതുപോലെ അത്തരക്കാര്‍ ഭൌതിക ശാരീരിക കല്പനകളിലൂടെ ആത്മാശത്തെക്കുറിച്ചും നിരൂപിയ്ക്കുന്നു.

ശ്ലോകം 32

അതഃ പരം യദ് അവ്യക്തം
അവ്യൂഢ-ഗുണ-ബ്രിംഹിതം
അദൃഷ്ടാശ്രുത-വസ്തുത്വത്
സ ജീവോ യത് പുനര്‍-ഭാവഃ
വിവര്‍ത്തനം

ഭഗവാന്‍റെ രൂപത്തെക്കുറിച്ചുള്ള ഇത്തരം സ്ഥൂല കല്പനകള്‍ക്കപ്പുറം അതി സൂക്ഷ്മവും, തനതായ രുപമില്ലാത്തതും, ഗോചരമല്ലാത്തതും, കേട്ടിട്ടില്ലത്തതും, അവതരിച്ചിട്ടില്ലത്തതുമായ മറ്റൊരു രുപം മുണ്ട്. ഈ സ്ഥൂലതയ്ക്കും ഉപരിയാണ് ജീവസത്തയുടെ രൂപം അല്ലെങ്കില്‍ അവയ്ക്ക് ജനിമൃതികളേ ഉണ്ടാകുമായിരുന്നില്ല.

ശ്ലോകം 33

യത്രേമേ സദ്-അസദ്-രൂപേ
പ്രതീസിദ്ധേ സ്വ-സം‌വിദ
അവിദ്യാത്മനി കൃതേ
ഇതി തദ് ബ്രഹ്മ-ദര്‍ശനം
വിവര്‍ത്തനം

അങ്ങനെ എപ്പോഴാണോ ഒരു വ്യക്തി ആത്മസാക്ഷാത്കാരത്തിലൂടെ സൂക്ഷ്മവും സ്ഥൂലവുമായ ശരീരത്തിന് ആത്മാംശവുമായി ബന്ധമില്ല എന്ന് മനസ്സിലാക്കുന്നത് ആസമയത്ത് അയാള്‍ സ്വയം തനിയ്ക്കും ഭഗവാനും തമ്മില്‍ വ്യത്യാസമില്ല എന്ന് കാണുന്നു.
ശ്ലോകം 34

യദി ഈശോപരാത ദേവി
മായ വൈശരദി മതിഃ
സമ്പന്ന ഏവേദി വിദുര്‍
മഹീംനി സ്വേ മഹീയതേ
വിവര്‍ത്തനം

അധമോര്‍ജ്ജം നമ്മില്‍ അടങ്ങുകയാണെങ്കില്‍ ആ ജീവസത്തയ്ക്ക് ഭഗവാന്‍റെ ആശീര്‍വാദത്താല്‍ ജ്ഞാനാര്‍ജ്ജനം സാദ്ധ്യമാകുന്നു. കൂടാതെ വളരെ പെട്ടെന്ന് തന്നെ ആത്മസാക്ഷാത്കാരം കൈവരുകയും ശ്രേയസ്സില്‍ വര്‍ത്തിയ്ക്കുകയും ചെയ്യുന്നു.

ശ്ലോകം 35

ഏവം ജന്മനി കര്‍മ്മണി
ഹി അകര്‍തുര്‍ അഞ്ജനസ്യ ച
വര്‍ണയന്തി സ്മ കവയോ
വേദ-ഗുഹ്യാനി ഹൃത്-പതെഃ
വിവര്‍ത്തനം

അങ്ങനെ ജ്ഞാനിയായ മനുഷ്യന് ഇനിയും ജനിയ്ക്കാനിരിയ്ക്കുന്ന നിഷ്ക്രിയമായ ജീവസത്തകളുടെ ജനനത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിവരിയ്ക്കാന്‍ സാധിയ്ക്കുന്നു, അതൊക്കെ ഒരുപക്ഷെ വൈദിക സാഹിത്യങ്ങളില്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞു എന്ന് വരില്ല. ഭഗവാന്‍ നമ്മുടെ ഹൃത്തില്‍ വസിയ്ക്കുന്നത് കൊണ്ട് മാത്രമാണിങ്ങനെ സാധിയ്ക്കുന്നത്.
ശ്ലോകം 36

സ വ ഇദം വിശ്വം അമോഘ-ലീലഃ
സൃജതി അവത്യ അത്തി ന സജ്ജതേ അസ്മിന്‍
ഭൂതേഷു ചന്ദാര്‍ഹിത ആത്മ-തന്ത്രഃ
സദ്-വര്‍ഗികം ജിഘ്രാതി സദ്-ഗുണേശഃ

വിവര്‍ത്തനം

ഭഗവാനേ, പഞ്ചേന്ദ്രിയങ്ങളുടെയും നാഥനായ അവിടുന്ന് ഷഢൈശ്വര്യങ്ങളാല്‍ സര്‍വ്വവ്യാപിയും അവിടുത്തെ ലീലകളൊക്കെയും കളംങ്കരഹിതവുമാകുന്നു. ലവലേശംപോലും അവിടുത്തെ സ്വയം ബാധിയ്ക്കാത്ത രീതിയില്‍ അങ്ങ് പ്രത്യക്ഷ പ്രപഞ്ചത്തിന്‍റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവ യഥാവിധി നടപ്പില്‍ വരുത്തുന്നു. എല്ലാ ജീവത്മാവിന്റ്റെയും ഉള്ളില്‍ സ്ഥിതി ചെയ്യുന്ന അവിടുന്ന് എല്ലായ്പ്പോഴും സ്വതന്ത്രനുമാണ് .

ശ്ലോകം 37

ന ചാസ്യ കസ്ചിന്‍ നിപുണേന ധാതുര്‍
അവൈതി ജന്തുഃ കുമനീശ ഉതിഃ
നാമാനി രൂപാണി മനോ-വചോഭിഃ
ശാന്തന്വതോ നാത-ചാര്യം ഇവജ്ന

വിവര്‍ത്തനം

ഒരു നാടകത്തിലേ അഭിനേതാവിനെപ്പോലെ നടമാടുന്ന ഭഗവാന്‍റെ ആത്മീയരൂപത്തെയും, നാമങ്ങളെയും ലീലകളെയും ഒന്നും തന്നെ അല്പ ബുദ്ധികളായവര്‍ക്ക് മനസ്സിലാകുകയില്ല, മാത്രവുമല്ല അത്തരം കാര്യങ്ങളവര്‍ക്ക് വാക്കിലൂടെയോ ചിന്തയില്‍ക്കുടിയോ പോലും അനുവര്‍ത്തിയ്ക്കുക സാദ്ധ്യവുമല്ല.

ശ്ലോകം 38

സ വേദ ധാതുഃ പദവീം പരസ്യ
ദുരാന്ത-വീര്യസ്യ രഥാങ-പാനേഃ
യൊ അമയായ ശാന്തതായാനുവൃത്യ
ഭജേത തത്-പാദ-സരോജ-ഗന്ധം

വിവര്‍ത്തനം

ഒരിയ്ക്കലും മാറ്റിവയ്ക്കാത്ത, അനര്‍ഗ്ഗളം തുടരുന്ന പരോപകാരപ്രദമായ ഭക്തിയുത പാദാനുസേവനം അതിനു മാത്രമേ കരങ്ങളില്‍ രഥചക്രം ധരിച്ച പ്രപഞ്ച സൃഷ്ടാവായ ഭഗവാനെ പൂര്‍ണൈശ്വര്യങ്ങളാലും, പൂര്‍ണ്ണ ശക്തിയിലും ആത്മീയ വിധാനത്തിലും വീക്ഷിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ.

ശ്ലോകം 39

അതേഹ ധന്യ ഭഗവന്ത ഇത്തം
യദ് വസുദേവേ അഖില-ലോക-നാഥേ
കുര്‍വന്തി സര്‍വ്വാത്മകം ആത്മ-ഭാവം
ന യത്ര ഭൂയഃ പരിവര്‍ത്ത ഉഗ്രഃ

വിവര്‍ത്തനം

ഈ ലൌകിക ലോകത്തില്‍ ഇത്തരം സംശയങ്ങളിലൂടെ മുന്നേറുന്നവര്‍ക്ക് മാത്രമേ ജീവിതവിജയം കൈവരിച്ച് പൂര്‍ണ്ണമായും കാര്യങ്ങളെ ഗ്രഹിച്ച് മുന്നേറുവാന്‍ സാധിയ്ക്കുകയുള്ളൂ, കൂടാതെ ഇത്തരം അന്വേഷണങ്ങള്‍ നമ്മെ ആദ്ധ്യാത്മിക ഹര്‍ഷോന്മാദത്തിലേയ്ക്ക് നയിയ്ക്കുകയും അത്തരത്തിലുള്ള ഒരു ചര്യയിലൂടെ സഞ്ചരിയ്ക്കുന്ന ജീവാത്മാവിനെ ഭഗവാന്‍ ഭയാനകമായ ജനിമൃതികളാകുന്ന ആവൃത്തി ചക്രത്തില്‍ നിന്നും പരിപൂര്‍ണ്ണ മുക്തി നല്‍കുമെന്ന് ഭഗവാന്‍ ആവര്‍ത്തിച്ചുറപ്പിയ്ക്കുന്നു.

ശ്ലോകം 40

ഇദം ഭാഗവതം നാമ
പൂരണം ബ്രഹ്മ-സമ്മിതം
ഉത്തമ-ശ്ലോക-ചരിതം
ചകര ഭഗവാന്‍ ഋഷിഃ
നിഃശ്രേയസയ ലോകസ്യ
ധന്യം സ്വസ്തി-അയനം മഹത്

വിവര്‍ത്തനം

ഈ ശ്രീമദ് ഭാഗവതം ഭഗവാന്‍റെ സാഹിതീയ അവതാരങ്ങളില്പ്പെടുന്നു, കൂടാതെ അത് സാരഗ്രഹണം ചെയ്തിരിയ്ക്കുന്നത് ഭഗവാന്‍റെ തന്നെ അവതാരമായ ശ്രീല വ്യാസദേവനും. എല്ലാ ജനങ്ങളുടെയും ആത്യന്തികമായ നന്മ ഉദ്ദേശിച്ചുള്ളതാണീ ഗ്രന്ഥം, കൂടാതെ ഇത് പരമാനന്ദവും, പരിപൂര്‍ണ്ണതയും അതിലുപരി ജീവിത വിജയവും നേടിത്തരുന്നു.

ശ്ലോകം 41

തദ് ഇദം ഗ്രഹായം അശ
സൂതം അത്മവതം വരം
സര്‍വ്വ-വേദേതിഹാസനം
സാരം സാരം സമുദ്ദൃതം

വിവര്‍ത്തനം

എല്ലാ വൈദിക സാഹിത്യങ്ങളുടെയും പ്രപഞ്ച ചരിത്രങ്ങളുടെയും സത്തയെടുത്തതിനുശേഷം ശ്രീല വ്യാസദേവന്‍ ഈ ജ്ഞാനസാക്ഷാത്കാരത്തെ ആത്മസാക്ഷാത്കാരം ലഭിച്ചവരില്‍ ഏറ്റവു നിപുണനായ തന്റ്റെ പുത്രനായ ശ്രീല ശുകദേവ ഗോസ്വാമിയ്ക്ക് കൈമാറുകയാണുണ്ടായത്.

ശ്ലോകം 42

സ തു സംശ്രവായം അശ
മഹാരാജം പരീക്ഷിതം
പ്രായോപവിഷ്ടം ഗംഗായം
പരിതം പരമര്‍ഷിഭിഃ

വിവര്‍ത്തനം

വ്യാസ പുത്രനായ ശുകദേവ ഗോസ്വാമി, തനിയ്ക്ക് ലഭിച്ച ഭാഗവതത്തെ ഗംഗാതടത്തില്‍ തന്‍റെ മരണവും കാത്ത് മുനിമാരുടെ നടുവില്‍ നീരാഹാര വ്രതം അനുഷ്ഠിയ്ക്കുന്ന മഹാനായ ചക്രവര്‍ത്തി പരീക്ഷിത്തിന് കൈമാറി.

ശ്ലോകം 43

കൃഷ്ണേ സ്വ-ധാമോപഗതേ
ധര്‍മ്മ-ജ്ഞാനാദിഭിഃ സഹ
കാലൌ നഷ്ട-ദൃഷം ഏശ
പുരാണാര്‍ക്കോ അധുനോദിതഃ

വിവര്‍ത്തനം

ഈ ഭാഗവത പുരാണം സൂര്യനെ പോലെ പ്രശോഭിതമാണ്, ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്‍റെ ധാമത്തിലേയ്ക്ക് ജ്ഞാനധര്‍മ്മാദികളോടൊപ്പം തിരിച്ചു പോയതിനുശേഷം ആവിര്‍ഭവിച്ചതാണിത്. കലിയുടെ ഉഗ്രപ്രഭാവത്താല്‍ ജ്ഞാനാന്ധത ബാധിച്ച് ഉള്‍ക്കാഴ്ച നഷ്ടമായ വ്യക്തികള്‍ക്ക് ഈ പുരാണത്തില്‍ നിന്ന് പ്രകാശം പകരാന്‍ സാധിയ്ക്കും.

ശ്ലോകം 44

തത്ര കീര്‍തയതോ വിപ്ര
വിപ്രാര്‍ശേര്‍ ഭൂരി-തേജസഃ
അഹം ചാദ്ധ്യാഗമം തത്ര
നിവിസ്തസ് തദ്-അനുഗ്രഹാത്
സോ അഹം വഃ ശ്രവയിശ്യാമി
യദാദിതം യത-മതി

വിവര്‍ത്തനം

അല്ലയോ ജ്ഞാനികളായ ബ്രാഹ്മണരേ, എപ്പോഴാണോ ശുകദേവ ഗോസ്വാമി ഗംഗാതടത്തില്‍ വച്ച് പരീക്ഷിത് ചക്രവര്‍ത്തിയുടെ സാമീപ്യത്താല്‍ ഭാഗവതം ഉരുവിട്ടത് ഞാനത് സശ്രദ്ധം ശ്രവിയ്ക്കുകയായിരുന്നു, അങ്ങനെ അദ്ദേഹത്തിന്‍റെ കൃപയാല്‍ ആ മഹാനും ശക്തനുമായ സന്യാസി വര്യനില്‍ നിന്നും നമുക്ക് ഭാഗവതം പഠിയ്ക്കാന്‍ സാധിച്ചു. നാമിപ്പോള്‍ അതെ രീതിയില്‍ നമ്മുടെ സാക്ഷാത്കാരങ്ങളിലൂടെ നിങ്ങളെ കേള്‍പ്പിയ്ക്കാന്‍ പോകുകയാണ്.
ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്‍റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം മൂന്നിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു.

ചര്‍വ്വിത ചര്‍വ്വണം:4.ബദ്ധാത്മാവിന്‍റെ ന്യൂനതകള്‍

തനിയെയിരിയ്ക്കുമ്പോള്‍ വെറുതെ ചിന്തിയ്ക്കാന്‍ കുറച്ചു കാര്യങ്ങളിവിടെ രേഖപ്പെടുത്തുകയാണ് . നിങ്ങളും ചിന്തിയ്ക്കൂ!!!
പതിതനെന്നിരിയ്ക്കെത്തന്നെ നമുക്ക് ഒരുപാട് പരിമിതികളുണ്ട്. ഒരു ബദ്ധനായ ജീവാത്മാവിനെ പ്രധാനമായും നാല് ന്യൂനതകള്‍ ഉണ്ടാവാമെന്നാണ് വൈദിക ശാസ്ത്രം പറയുന്നത്.

*അപക്വമായ ഇന്ദ്രിയങ്ങളാണതിലൊന്ന്(കാരണാപതവം ) : നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കൊക്കെ തന്നെ പലേ പരിമിതികളും ഉണ്ട്, അതുകൊണ്ട് തന്നെ നാം വളരെ എളുപ്പത്തില്‍ വഞ്ചിതരാകുന്നു. കലിയുഗത്തില്‍ വഞ്ചന വളരെ സാധാരണമായിക്കൊണ്ടിരിയ്ക്കുകയാണ് .

*വ്യാമോഹം അല്ലെങ്കില്‍ മിഥ്യാബോധമാണ് (പ്രമാദം) ഇനിയൊന്ന്: യഥാര്‍ത്ഥമല്ലാത്ത ഒന്നിനെ യാഥാര്‍ത്ഥ്യമായി കരുതുക. മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴംചൊല്ലാണിവിടെ ഓര്‍മ്മിച്ചു പോകുന്നത്.

*തെറ്റുകളാണ് (ഭ്രമം) മറ്റൊന്ന്: തെറ്റുകള് മനുഷ്യ സഹജമാണെന്ന് നമുക്കെല്ലവര്‍ക്കും അറിവുള്ളതാണ് .

*ചതി (വിപ്രലിപ്സം) യാണ് അവസാനത്തേത്: നാം എന്തല്ലയോ അതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നാം പ്രചരിപ്പിയ്ക്കുന്ന തെറ്റിനെയാണത് സൂചിപ്പിയ്ക്കുന്നത്.

Monday, March 26, 2007

ചര്‍വ്വിത ചര്‍വ്വണം:3.ജ്ഞാന പന്ഥാവ്

തനിയെയിരിയ്ക്കുമ്പോള്‍ വെറുതെ ചിന്തിയ്ക്കാന്‍ കുറച്ചു കാര്യങ്ങളിവിടെ രേഖപ്പെടുത്തുകയാണ് . നിങ്ങളും ചിന്തിയ്ക്കൂ!!!

ഒരുവിഷയം ആധികാരികമായി ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ നാം അറിഞ്ഞിരിയ്ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വാദമുഖം ജ്ഞാനത്തിന്‍റെ ആധാര ശിലയെ ഉറപ്പിയ്ക്കലാണ് അല്ലെങ്കില്‍ ആ ഉറവിടത്തെ കണ്ടെത്തലാണ്. അങ്ങനെയാണെങ്കില്‍ മാത്രമേ ആ അറിവിനെ നമുക്ക് വേണ്ടയിടത്ത് പ്രയോജനപ്പെടുത്തുന്നതിനും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നതിനും സാധിയ്ക്കുകയുള്ളൂ, അല്ലെങ്കില്‍ അവയോക്കെ വെറും സംശയങ്ങളായി അവശേഷിയ്ക്കുകയേയുള്ളൂ. ജീവഗോസ്വോമി തന്‍റെ സത്-സന്ദര്‍ഭ എന്ന ഗ്രന്ഥത്തില്‍ ജ്ഞാനാര്‍ജ്ജനത്തിനുള്ള പത്ത് വ്യത്യസ്തങ്ങളായ വഴികള്‍ ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്: പരമ്പരയായി കൈമാറികിട്ടുന്നത്, ചരിത്രത്തില്‍ നിന്ന് ലഭിയ്ക്കുന്നത്, ഊഹങ്ങളില്‍ നിന്ന് മെനഞ്ഞെടുക്കുന്നത്, താരതമ്യത്തിലൂടെ ലഭിയ്ക്കുന്നത്, സാധ്യതകളില്‍ നിന്നുളവാകുന്നത്, യുക്തിയിലൂടെ ഉരുത്തിരിയുന്നത് എന്നിങ്ങനെ.


ഇവയെല്ലാം കൂടി നമുക്ക് താഴെപ്പറയുന്ന മൂന്ന് രീതികളില്‍ സംക്ഷേപിയ്ക്കാം:

പ്രത്യക്ഷം: പഞ്ചേന്ദ്രിയങ്ങളിലൂടെ നേരിട്ട് നേടുന്ന അറിവുകളെയാണ് ഈ വിഭാഗത്തിലുള്‍പ്പെടുത്തിയിരിയ്ക്കുന്നത്.

അനുമാനം: മനസ്സിന്‍റെ അനുമാനങ്ങളിലൂടെ നാം എത്തിച്ചേരുന്ന നിഗമനങ്ങളുള്‍ക്കൊള്ളുന്ന അറിവ്. അനു എന്നാല്‍ പിന്തുടരുക എന്നും മാനം എന്നാല്‍ മനസ്സ് എന്നുമാണര്‍ത്ഥം.

ശബ്ദം: ആധികാരികമായ പ്രമാണങ്ങളില്‍ നിന്ന് (ശബ്ദപ്രമാണങ്ങളിലൂടെ) ലഭിയ്ക്കുന്നവ.

വൈദികമാനങ്ങളുടെ അടിസ്ഥാനത്തില്‍:ഭൌതിക ലോകത്തിന് ലഭിച്ചിട്ടുള്ള ലഘുഗ്രന്ഥമാണ്(ലഘുലേഖകള്‍) വേദങ്ങള്‍. സൃഷ്ടികര്‍ത്താവിന് തന്‍റെ സൃഷ്ടിയെക്കുറിച്ച് നന്നായറിയാം, അതുകൊണ്ട് തന്നെ പ്രേരകമായ(സ്വപ്രയത്നത്താലുളവാകുന്നത്)അല്ലെങ്കില് അനുമേയമായ(പരമ്പരയായി തുടര്‍ന്നു വരുന്ന) ജ്ഞാനത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അതു ശ്രവണത്തിലൂടെ സ്വീകരിയ്ക്കുന്നത് നല്ലതു തന്നെ പക്ഷെ അവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആ ജ്ഞാനം വരുന്നവഴിയാണ് അല്ലെങ്കില്‍ പരമ്പരയെയാണ് .നമുക്ക് പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ആചാര്യവപുക്കള്‍ കൈമാറിയ അതേ ജ്ഞാനത്തില്‍ തന്നെ എത്തിച്ചേരാന്‍ സാധിയ്ക്കും എന്നാല്‍ അതിനെടുക്കുന്ന സമയം വളരെ വലുതാണ് . ആയതിനാല്‍ സമയലാഭത്തിനായി നമുക്ക് ഇത്തരം ശരിയായിട്ടുള്ള പരമ്പരയില്‍ വരുന്ന അചാര്യന്മാരെ ജ്ഞാനാര്‍ജ്ജനത്തിനായി സമീപിയ്ക്കാവുന്നതാണ് .വൈദികജ്ഞാനം അപൌരുഷേയം എന്നാണറിയപ്പെടുന്നത് അതായത് മാനുഷിക തലത്തിനും അപ്പുറം സ്ഥിതിചെയ്യുന്നത്. കൂടാതെ വേദങ്ങളെ പ്രത്യക്ഷ പ്രമാണങ്ങളായാണ് സ്വീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നതും.


സായന്തനം


അമ്മതന്‍ നെഞ്ചിലെ താരിളം തെന്നലായ്
ചന്ദ്രിക ചാര്‍ത്തിന്‍റെ കുളിര്‍മകള്‍ ചൂടുന്ന
സായന്തനത്തിനിന്നെന്തുപറ്റി?

ആരോടു മോതാതെ മാനസ പൊയ്കയില്‍
സ്വപ്നം നിറയ്ക്കുന്ന മാലാഖ പ്പെണ്ണിന്‍റെ
ദുഃഖങ്ങളൊക്കെ കേട്ടുവോ നീ?

ചാഞ്ചാടിയാടുന്ന താത്തിരിക്കുട്ടിയെ
തിത്തന്നം ചാടീച്ച വാദ്യാരുകോലം
വഴിപിഴപ്പിയ്ക്കുന്ന കഥയറിഞ്ഞോ നീ?

കാല്പവന്‍ പൊന്നൊന്ന് കണ്ണില്‍ തെളിയാഞ്ഞ്
ആട്ടിയൊടിയ്ക്കുന്ന കൊച്ചമ്മ വര്‍ഗ്ഗം
ആരുമറിയാതെ മദിയ്ക്കുന്ന കണ്ടോ നീ?

മുന്നില്‍ കുതിയ്ക്കുന്ന അധികാര വര്‍ഗ്ഗത്തിന്‍
നാവിന്‍ തുമ്പത്തെ വാള്‍മുന കണ്ടിട്ട്
പിന്നില്‍ കുത്തുന്നോരശരീരി കേട്ടോ നീ?

നക്ഷത്ര ലോകത്തെ നാഗസുന്ദരിയാളവള്‍
വാര്‍ദ്ധക്യം വന്നതിന്‍ കദന കഥ പാടിയ
മിന്നും ശരീരം കൊഴിയുന്ന കണ്ടോ നീ?

യക്ഷികള്‍ യക്ഷികള്‍ ലോകത്തിന്‍ നാഥരിവര്‍
യക്ഷികുലങ്ങള്‍ സൃഷ്ടീയ്ക്കുന്നവരുടെ
മാളോരു പാടിയ വായ്പ്പാട്ട് കേട്ടോ നീ?

രാഷ്ട്രങ്ങളില്‍ രാഷ്ട്രതന്ത്രം പ്രയോഗിച്ച-
രാഷ്ട്രീയ മേല്ക്കോയ്മ പാറിപറപ്പിച്ച
രാഷ്ട്ര തന്ത്രജ്ഞന്‍റെ പിന്‍പുറം കണ്ടോ നീ?

ഇന്നലെ വീശിയ കാറ്റിന്‍റെ ഗതിയതില്‍
പൂമണം പോയിട്ട് രൂക്ഷഗന്ധം വമിച്ച്
ആടിതിമിര്‍ത്തൊരു കാറ്റിനെ കണ്ടോ നീ?

അല്ലെങ്കിലെന്താണ് ചൊല്ലുക സന്ധ്യേ നീ
രാത്രിയാം കാമനെ കാണുന്ന ഈ വേള
കരളലിയിയ്ക്കുന്ന ദൈന്യമാംമീ ഭാവം!!














Sunday, March 25, 2007

ചര്‍വ്വിത ചര്‍വ്വണം:2.പരമ സത്യം‍‍-ഒരന്വേഷണം

തനിയെയിരിയ്ക്കുമ്പോള്‍ വെറുതെ ചിന്തിയ്ക്കാന്‍ കുറച്ചു കാര്യങ്ങളിവിടെ രേഖപ്പെടുത്തുകയാണ് . നിങ്ങളും ചിന്തിയ്ക്കൂ!!!

1.പരമ സത്യത്തെ മനസ്സിലാക്കുന്നതിനുള്ള സൂചനകള്‍ എന്തൊക്കെയാണ്? അല്ലെങ്കില്‍ അതിന്‍റെ ആവശ്യകത എന്താണ്? ഭഗവദ് ഗീതയില്‍ കൃഷ്ണന്‍ പറയുന്നു:‘പരമസത്യത്തെ തേടിയുള്ള തത്വികമായ അന്വേഷണം” അത് പണ്ഡിത ലക്ഷണങ്ങളിലൊന്നാണ്(ഭ.ഗീ:13:12). ബ്രഹ്മ ജിജ്ഞാസ അല്ലെങ്കില്‍ പരമ സത്യത്തെ തേടിയുള്ള അന്വേഷണം ഒരുവനെ ഈശ്വരനിലേയ്ക്ക് നയിയ്ക്കുന്നു എന്നും പക്ഷെ അത് ബഹൂനാം ജന്മനാം അന്തെ, പല ജന്മങ്ങള്‍ക്കുശേഷം ആയിരിയ്ക്കാമെന്നും ഗീത പറയുന്നുണ്ട്.

2.താത്കാലികമായ ഭൌതിക വസ്തുക്കളില്‍ നിന്നും കരഗത മാകുന്ന ആനന്ദം കേവലം നൈമിഷികം മാത്രമാകുന്നു, എന്നാല്‍ പരമ സത്യത്തില്‍ നിന്നുളവാകുന്ന ആനന്ദം സ്ഥായിയാണ് . നാം ആരാണെന്ന് മനസ്സില്ലാക്കാത്തിടത്തോളം അല്ലെങ്കില്‍ എന്താണിവിടെ നടക്കുന്നതെന്നറിയാത്തിടത്തോളം നമുക്ക് സംതൃപ്തി എന്നത് കിട്ടാക്കനിയാവുകയും ബദ്ധതയില്പ്പെട്ട് നട്ടം തിരിയേണ്ടതായും വരുന്നു. എല്ലാവരും പ്രയത്നിയ്ക്കുന്നത് പൂര്‍ണ്ണത കൈവരിയ്ക്കുവാനാണ് അല്ലെങ്കില്‍ അവിടേയ്ക്ക് എത്തിച്ചേരുവാനാണ്. ആത്മീയ ലോകത്തുള്ള ജീവിതമാണ് പരിപൂര്‍ണ്ണതയുടെ ആത്യന്തികമായ ലക്ഷ്യം. എന്നാല്‍ അത് കൈവരിയ്ക്കുന്നതിന് പരമസത്യത്തെക്കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതവുമാണ് .

3.യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയലാണ് എപ്പോഴും നല്ലത്. സംശയനിവാരണം നടത്തുമ്പോള്‍ പോലും നമ്മളാരും തെറ്റിലേയ്ക്ക് അല്ലെങ്കില്‍ മായയിലേയ്ക്ക് വ്യതിചലിയ്ക്കപ്പെടാന്‍ ആഗ്രഹിയ്ക്കുന്നില്ല. അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ നാമാരോടും ആവശ്യപ്പെടുന്നുമില്ല.
ഈ ഭൌതിക ലോകത്തില്‍ രണ്ടു തരത്തിലുള്ള ആള്‍ക്കരാണ് നിത്യാനന്ദം അനുഭവിയ്ക്കുന്നത്, ഒന്ന് പൂര്‍ണ്ണമായും മായയിലിരിക്കുന്ന ഭ്രാന്തനും ഇനിയൊന്ന് തികച്ചും ജ്ഞാനാര്‍ജ്ജനത്താല്‍ പ്രബുദ്ധത കൈവരിച്ച യോഗിയും.

4.ഭൌതിക തലത്തില്‍ പോലു ജ്ഞാനി സന്തോഷവാനാണ് , തന്‍റെ ലക്ഷ്യ്മെന്താണെന്ന് അയാള്‍ക്ക് നന്നായറിയാമായിരിയ്ക്കും. അതില്‍ നിന്നവന്‍ ഒരിയ്ക്കലും വ്യതിചലിയ്ക്കുന്നില്ല, അഥവാ സ്വല്പം വഴി പിഴച്ചാല്‍ തന്നെ പെട്ടെന്നത് മനസ്സിലാക്കി തിരിച്ചു വരുന്നു. അജ്ഞത എല്ലായ്പ്പോഴും വിനകളെ വരുത്തിവയ്ക്കുന്നു.

5.തെറ്റായ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ഒരു ഗണിത വാക്യം തെറ്റായ ഫലം തരുന്നത് പോലെ ഇഹലോകത്തെക്കുറിച്ച് നമുക്ക് തെറ്റായ ഒരു മാനദണ്ഡമാണുള്ളതെങ്കില്‍ ജീവിതത്തില്‍ നാം ചിന്തിച്ചുറപ്പിയ്ക്കേണ്ട കാര്യങ്ങള്‍, അതായത് നാം ആരാണ് ? ഇവിടെ നമ്മുടെ കര്‍ത്തവ്യങ്ങളെന്തൊക്കെയാണ് ? ഇത്തരം ചോദ്യങ്ങള്‍ക്കൊക്കെ നാം തെറ്റായ ആശയങ്ങളിലായിരിയ്ക്കും നമ്മുടെ ചിന്താധാരയിലൂടെ ചെന്നെത്തുന്നത്. സത്യത്തിനോടുള്ള നമ്മുടെ സാമീപ്യം നമ്മുടെ പ്രവൃത്തികളെ മുഴുവാനായും സ്വധീനിയ്ക്കുന്നു.

6.സനാതനമായ പ്രപഞ്ച സത്യങ്ങളില്‍ കെട്ടിപ്പടുക്കുന്ന ജീവിതം ശിലാ നിര്‍മ്മിതമായൊരു ഗൃഹം പോലെ ഉറപ്പേറിയതാകും; എന്നാല്‍ താത്കാലികമായ, സാഹചര്യങ്ങളുടെ ബദ്ധതയില്‍ അഥവാ മായയിലധിഷ്ഠിതമായ സത്യങ്ങളിലുള്ള ജീവിതം മണലാല്‍ നിര്‍മ്മിതമായ സൌധങ്ങള്‍മാതിരി ക്ഷണികമാണ്. അപ്പോള്‍ സ്ഥായിയാത് ഏതാണെന്ന് നിങ്ങള്‍ തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ!

7.നാം സ്വയം നിര്‍മ്മിച്ച ചെറു കുമിളകളിലിരിയ്ക്കുമ്പോഴാണ് നമുക്ക് കൂടുതല്‍ സുരക്ഷിതരാണെന്ന് തോന്നല് ഉണ്ടാകുന്നത്. പക്ഷെ സത്യം എപ്പോഴും മായയെക്കാള്‍ ശക്തമാണ് കൂടാതെ അത് ആത്യന്തികമായി മായയാകുന്ന കുമിളകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാറുമുണ്ട്.

8.യഥാര്ത്ഥ ജ്ഞാനത്തില്‍ നാം നിലനിന്നില്ലെങ്കില്‍ മനുഷ്യന് വിഭ്രാന്തിയിലേയ്ക്ക് നയിക്കപ്പെടാനുള്ള സാദ്ധ്യത ഏറുന്നു. മനസ്സിന്‍റെ ആഴങ്ങളില് അത്തരക്കാര്‍ക്ക് തോന്നും എന്‍റെ പ്രവൃത്തികളില്‍ എന്തൊ ശരികേടുണ്ട് എന്ന്. അവര്‍ക്കൊരുപക്ഷെ വിരല്‍ ചൂണ്ടി പറയാന്‍ കഴിഞ്ഞു എന്നു വരുകയില്ല പക്ഷെ തങ്ങളുടെ ചെയ്തികളെ ദിവസേന നിരീക്ഷിയ്ക്കുന്ന ഒരാള്‍ക്ക് മുന്നോട്ട് പോയിക്കോണ്ടിരിക്കുന്ന ജീവിതത്തില്‍ ഉപരിപ്ലവമായിരിയ്ക്കുന്ന ആവശ്യകതയെ തീര്‍ച്ചയായും പുറത്തുകൊണ്ടു വരുവാന്‍ സാധിയ്ക്കും. അത്തരത്തിലുള്ള ഉറപ്പും മറ്റനേകം ഊര്‍ജ്ജ സ്വരൂപങ്ങളും സത്യാധിഷ്ഠിത ജ്ഞാനത്തില്‍ കണ്ടെത്താനായെന്നു വരും.

Thursday, March 22, 2007

ചര്‍വ്വിത ചര്‍വ്വണം:1.ഈശ്വരന്‍റെ നിലനില്പ്പ്

തനിയെയിരിയ്ക്കുമ്പോള്‍ വെറുതെ ചിന്തിയ്ക്കാന്‍ കുറച്ചു കാര്യങ്ങളിവിടെ രേഖപ്പെടുത്തുകയാണ് . നിങ്ങളും ചിന്തിയ്ക്കൂ!!!

വേദാന്ത സൂത്രം പറയന്നതുപോലെ എവിടെ നിന്നാണോ എല്ലാം ഉത്ഭവിയ്ക്കുന്നത് അതാണ് പരമ സത്യം അതായത് ഈശ്വരന്‍, അതാണ് എല്ലാറ്റിനും ആധാരം. ആദ്യത്തെ ഉറവിടവും അസ്ഥിവാരവുമാണത്. ഒരിയ്ക്കല്‍ നോബേല്‍ സമ്മാന ജേതാവായ ഇര്‍വിന്‍ ഷ്രോഡിങര്‍ പറയുകയുണ്ടായി “ ഒരു മനുഷ്യ ദൈവത്തിന്, താന്‍ സ്വന്തമാക്കിയതിനെയെല്ലാം ഒഴിവാക്കിക്കൊണ്ട് അതില്‍ ജീവിയ്ക്കാന്‍ കഴിയുന്ന ഒരു ലോകത്തിന്‍റെ ഒരു ഭാഗം മാതൃകയായിട്ടുപോലും രൂപംകൊടുക്കാന്‍ സാദ്ധ്യമല്ല“ എന്ന്.

നമ്മുടെ ജനങ്ങള്‍ പൊതുവായി ഈശ്വരന്‍റെ നിലനില്പുമായി ബന്ധമുള്ള കാര്യങ്ങള്‍ കൂടുതല്‍ ഋണതയോടെ ചിന്തിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. പക്ഷെ ഓരോരുത്തരും തങ്ങളുടെ വാഗ്വാദങ്ങള്‍ കൂടുതലായി സ്ഥാപിയ്ക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ മാത്രമേ അതു വിശ്വസിയ്ക്കാന്‍ തയ്യാറാകുന്നുള്ളൂ. ഈശ്വരനെക്കുറിച്ചു സംസാരിയ്ക്കുമ്പോള്‍ പ്രധാനമായും ചോദിയ്ക്കപ്പെടുന്ന ചില ചോദ്യങ്ങളാണ്:

.ഈശ്വരനുണ്ടായിട്ടും ഈ ലോകത്തിലെ ജനങ്ങള്‍ ഇത്രയേറെ കഷ്ടപ്പെടുന്നതെന്തുകൊണ്ടാണ്?

.നിങ്ങള്‍ക്ക് ഇശ്വരനുണ്ടെന്നുള്ളതിന് തെളിവുകളുണ്ടോ?
.നിങ്ങള്‍ വിശ്വാസങ്ങളിലാണ് മുറുകെപ്പിടിയ്ക്കുന്നത് പക്ഷെ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ്യങ്ങളുള്‍ക്കോള്ളുന്ന

അറിവുണ്ട്(ശാസ്ത്രത്തിന്‍റെ പിന്ബലം).
.ഈശ്വരനെന്നത് അബലരുടെ മനശ്ശാസ്ത്രപരമായ ഒരു ആവശ്യം മാത്രം
.
എന്നിവ

സത്താമീമാംസ(Ontology)(പ്രകൃതിയെയും, അതിലുള്ള വസ്തുക്കളുടെ മൂല തത്വങ്ങളെയും കുറിച്ച് പഠിയ്ക്കുന്ന ഭൌതികശാസ്ത്രത്തിന്‍റെ ഒരു ശാഖ) പറയുന്നത് പരമമായ ഒന്ന് തീര്‍ച്ചയായും ഊണ്ടായിരിയ്ക്കണമെന്നാണ്—അങ്ങനെയെങ്കില്‍ ഈ പ്രപഞ്ചത്തിനൊരു നാഥനുണ്ടാവണം; അതെന്താണെന്ന് കണ്ടുപിടിയ്ക്കുകയെ വേണ്ടൂ നാം. ആ ഉത്ഭവം ഒരുപക്ഷെ ശൂന്യമാകാം, വ്യക്തിത്വമുള്ളതാകാം ഇല്ലാത്തതാകാം. പരമസത്യത്തിന്‍റെ വിവക്ഷ അനന്ദം എന്നാണ്. അതുകൊണ്ട് തന്നെ വ്യക്തവും അവ്യക്തവു മായതെല്ലാം അതിലടങ്ങിയിരിയ്ക്കുന്നു. എല്ലാറ്റിന്‍റെയും ഉത്ഭവത്തിന് പിന്നിലും ഒരു പിതാവുണ്ടായിരിയ്ക്കും, എന്നാല്‍ അവിടെ നിന്നും നാം പിന്നോക്കം സഞ്ചരിയ്ക്കുകയാണെങ്കില്‍ നമുക്ക് നമ്മുടെ പരം പിതാവിനെ അല്ലെങ്കില്‍ ആദി ബീജത്തെ കണ്ടെത്താനാകും.


നാം പ്രകൃതിയാകുന്ന അമ്മയെക്കുറിച്ച് പറയാറുണ്ട് എന്നാല്‍ ആരാണ് പിതാവ്? ഈ ഭൌതിക ശരീരങ്ങള്‍ സ്വീകരിയ്ക്കാനായി കോടാനുകോടി ആത്മാക്കളെവിടെ നിന്നു വരുന്നു? ലോകത്തിലെ എല്ലാ മഹദ് ഗ്രന്ഥങ്ങളും ഈശ്വരന്‍റെ നിലനില്പിനെക്കുറിച്ച് അടിവരയിട്ട് പറയുന്നുണ്ട്.
പരമാത്മായ ഭഗവാന്‍ കൃഷ്ണനാണ് നമ്മുടെ ഓര്‍മ്മയ്ക്കും, മറവിയ്ക്കും, നമ്മുടെ ജ്ഞാനത്തിനുമെല്ലാം കാരണ ഭൂതന്‍. “പൊതുനിയമങ്ങള്‍ക്ക് പിന്നിലുള്ള നിയമജ്ഞനെ നാം അറിയുന്നത് വിരളമാണ് പക്ഷെ നിയമങ്ങള്‍ നാം പാലിയ്ക്കപ്പെടുന്നു. ദ്രവ്യത്തിന് ഒരിയ്ക്കലും ഒരു സചേതനമായ വസ്തുവിന്‍റെ സഹായ ഹസ്തമില്ലാതെ സ്വയം പ്രവര്‍ത്തിയ്ക്കാന്‍ സാദ്ധ്യമല്ല, അതുകൊണ്ട് നാം അതിനെ അംഗീകരിയ്ക്കുക തന്നെ വേണം, പ്രകൃതി നിയമങ്ങള്‍ക്ക് പിന്നിലുള്ള ആ പരമമായ ജീവസത്തയെ നാം അംഗീകരിയ്ക്കുക തന്നെ വേണം“ എന്ന് “ഭാഗവതത്തിന്‍റെ വഴിയില്‍“എന്ന ഗ്രന്ഥത്തില്‍ ശ്രീല പ്രഭുപാദര്‍ പറയുന്നുണ്ട്.

നിങ്ങള്‍ക്ക് ഘടികാരങ്ങളെക്കുറിച്ച് ഒന്നും അറിയുകയില്ല എന്ന് വിചാരിയ്ക്കുക, വഴിയില്‍ വീണു കിടക്കുന്ന ഒരു വാച്ച് നിങ്ങളുടെ ശ്രദ്ധയില്പ്പെട്ടു എന്നും വയ്ക്കുക, ആ വാച്ചിന്‍റെ രൂപവും ജടിലമായ അതിലെ വസ്തുക്കളുടെ വിന്യാസവും, അതിലെ ചലന നിയമങ്ങളും ആകസ്മികമായി രൂപമെടുത്തതാണെന്ന് നിങ്ങള്‍ ചിന്തിയ്ക്കുമോ?, ഒരിയ്ക്കലും ഇല്ല പകരം ഇതാരോ ഒരു പ്രത്യേക ഉപയോഗം മനസ്സില്‍ വച്ചുകൊണ്ട് രൂപകല്പന ചെയ്തതാണെന്നായിരിയ്ക്കും നാം ചിന്തിയ്ക്കുക.

അതുപോലെ, ജഢിലവും സങ്കീര്‍ണ്ണവും ഒപ്പം പരിപൂര്‍ണ്ണവുമായ സൃഷ്ടികള്‍ അതി വിദഗ്ദ്ധവും ബൌദ്ധികവുമായ രൂപകല്പനെയാണ് സൂചിപ്പിയ്ക്കുന്നത്: ഏറ്റവും ചെറുതായ ആറ്റങ്ങള്‍, തന്മാത്രകള്‍, കോശങ്ങളുടെ പ്രവര്‍ത്തനങ്ങളും അവയുടെ ജീവശാസ്ത്ര പരമായ ചുമതലകള്, വിവിധാനങ്ങളായ ജീവന്‍റെ തുടിപ്പുകള്‍, പ്രകൃതിയുടെ സന്തുലനാവസ്ഥ, പ്രപഞ്ചം, സൌരയൂഥവും അതിലെ ഗ്രഹങ്ങളും, പ്രപഞ്ച നിയമങ്ങള്‍ തുടങ്ങിയവയെ ക്കുറിച്ച് നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ അപ്പോള്‍ ഈശ്വരന്‍റെ മഹത്വം നിങ്ങള്‍ക്കൊരുപക്ഷേ മനസ്സിലായെന്നിരിയ്ക്കും.
ചിന്തിയ്ക്കൂ!!!

Wednesday, March 21, 2007

കൃഷ്ണ സ്തുതി

(1)
പുകള്‍പെറ്റ നിന്‍ നാമങ്ങളോതുവാനടിയന്
തിരുനാമങ്ങളരുളണെ ലക്ഷ്മീ പതേ!
ആനന്ദ ദായകാ ആപല്‍ബാന്ധവാ
അര്‍ത്ഥാദികളെല്ലാമേകുവോനേ
കാളീയ മര്‍ദ്ദകാ ദയാപരാ കൃഷ്ണാ
അഭയം ഞങ്ങള്‍ക്കു നല്‍കുവോനേ
വൃന്ദാവനചാരീ ഭക്തപ്രിയാ നീ
ജന്മാദി മുക്തികള്‍ നല്‍കുവോനേ
ഈരേഴുലകിന്നും ഏകനാഥാ കൃഷ്ണാ
ധരണിയെ കൈക്കുമ്പിളിലേറ്റിയോനേ
നാഗശയനാ നീ കാത്തരുളേണമീ
പതിതനെ കൂടെയെന്‍ വസുദേവ സൂനു!!

(2)
ദേവകീ നന്ദനാ വന്ദനം നിനക്ക്
പരം പൊരുളേ നീ കാത്തീടണേ
വൃഷ്ണികുലത്തിന്‍ നായകാ വന്ദനം
ലോകപാലാ നീ കാത്തീടണേ
തരള തനു മേഘവര്‍ണ്ണാങ്കിത ശോഭയാല്‍
ചന്ദ്രക്കലയ്ക്കിന്ന് നീലിമ ഛായയായ്
മുകുന്ദാ മുരാരി വന്ദനം നിനക്കു
ധരണിയിന്‍ ദുരിതങ്ങളകറ്റുവോനേ
ഗോപപാലാ നീ കാളിന്ദീ രക്ഷകന്‍
അര്‍പ്പിയ്ക്കുന്നൂ മമ വന്ദനം മത്സഖേ!


(3)
മുകുന്ദാ നമിയ്ക്കുന്നു നിന്മുന്നിലെന്‍ ശിരസ്സു
എന്നുള്ളിലേറിടും ആഗ്രഹനിവൃത്തിയ്ക്കായ് കേണീടുന്നു
ജന്മാന്തരങ്ങളില്‍ നിന്‍ പുകള്‍ പാടിപുകഴ്ത്തുവാന്‍
നിന്‍ കാലടികളെന്നുമീ ഉള്ളത്തില്‍ വാഴ്ന്നിടേണം

(4)
ഭൌതിക ദ്വന്ദ്വങ്ങളില്‍ നിന്നു മുക്തി വേണ്ടെനിയ്ക്കിന്ന്
കുംഭീപാകത്തില്‍ നിന്നേറിടേണ്ട
അര്‍ത്ഥനയാണെന്‍റെ നാഥാ നിന്‍ മുന്നില്‍
ഇന്ദ്ര സദസ്സിലെ സുന്ദരാംഗികളെ പ്രാപിയ്ക്കാനല്ലിത്
ആ പാദപദ്മങ്ങളെ പുല്‍കി ഞാനര്‍ത്ഥിയ്ക്കുന്നു
തവ പാദപദ്മങ്ങളാണിന്നെന്‍റെ ലക്ഷ്യം
ജന്മങ്ങളോരോന്നിലും നിന്‍ പാദ സ്മരണ
അകതാരിലേകണേ തമ്പുരാനേ!


(5)
ധര്മ്മാര്ത്ഥങ്ങളിലൊന്നും മോഹമില്ലെനിയ്ക്കിന്ന്
ഇന്ദ്രിയാസ്വാദനത്തിലും ലവലേശമില്ല മോഹം
കര്‍മ്മ ഫലങ്ങളെ ത്യജിയ്ക്കാനാളല്ല ഞാന്‍
കര്‍മ്മങ്ങളോരോന്നു വന്നുപോട്ടെ!!
അവിടുത്തെ പാദങ്ങളെ സേവിയ്ക്കാനൊരുവേള
അതുമാത്രമാണിന്നെന്‍റെ ലക്ഷ്യം
മാലിന്യമില്ലാത്ത നിന്‍ പാദസേവ

(6)
നരകാസുര ഹാരിണി ഭഗവാനേ അങ്ങ്
അഗതിയാം അടിയന്‍റെ അര്‍ത്ഥന കേട്ടിടേണം
ഉപദേവന്മാരോടൊപ്പം ഞാന്‍ വാണെന്നാകിലും
മനുഷ്യകുലത്തില്‍ വീണ്ടുമിരുന്നെന്നാകിലും
നരക ലോകങ്ങളിലേതില് ഞാന്‍ പോകിലും അത്-
അവിടുത്തെയിശ്ചയായ് ഞാന്‍ കരുതും
അടിയെന്‍റെ പ്രാര്‍ത്ഥനയൊന്നു മാത്രം
ശരത്കാല കുസുമങ്ങളോടൊക്കുന്ന
ആ പാദപദ്മങ്ങളെന്നുള്ളത്തിലേകണേ
ദേവാ നീ എന്നുമെന്നും

ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:2


വേദ വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.
ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:
സ്കന്ധം ഒന്ന്

സൃഷ്ടി

അദ്ധ്യായം:2

ദിവ്യത്വവും ദിവ്യമായ സേവകളും

ശ്ലോകം 1
വ്യാസ ഉവാച
ഇതി സം‌പ്രശ്ന സംഹൃഷ്ടോ
വിപ്രാണാം രൌമഹര്‍ഷണിഃ
പ്രതിപൂജ്യവചസ്തേഷാം
പ്രവക്തുമുപചക്രമേ

വിവര്‍ത്തനം

വ്യാസദേവന്‍ പറഞ്ഞു: അങ്ങനെ രോമഹര്‍ഷണ സുതനായ ഉഗ്രസ്രവന്‍(സുത ഗോസ്വാമി) അവിടെ കൂടിയിരുന്ന ബ്രഹ്മണരുടെ ചോദ്യങ്ങളില്‍ പൂര്‍ണ്ണമായും തൃപ്തനായി അവര്‍ക്കു നന്ദി പ്രകാശിപ്പിക്കുകയും ഒപ്പം ആ ശ്രേഷ്ഠമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളോരൊന്നായി നല്‍കുവാനാരംഭിച്ചു.

ശ്ലോകം 2
സൂത ഉവാച
യം പ്രവ്രജന്തമനുപേതമപേതകൃത്യം
ദ്വൈപായനോ വിരഹകാതര ആജുഹാവ
പുത്രേതി തന്മയതയാ തരവോऽഭിനേദു-സ്തം
സര്‍വഭൂതഹൃദയം മുനിമാനതോऽസ്മി

വിവര്‍ത്തനം

ശ്രീല സുത ഗോസ്വാമി പറഞ്ഞു: എല്ലാ ജീവസത്തകളുടെയും ഹൃദയത്തില്‍ കടന്നുചെല്ലാന്‍ കഴിവുള്ള ആ മഹാമുനി (ശുകദേവ ഗോസ്വാമി) യ്ക്ക് ആദ്യമായി എന്നെ സാദര പ്രണാമങ്ങളര്‍പ്പിയ്ക്കാന്‍ അനുവദിച്ചാലും. ഉന്നതകുല ജാതരായ ബ്രഹ്മണര്‍ അനുഷ്ഠിയ്ക്കുന്ന പരികര്‍മ്മങ്ങളോ ഉപനയനക്രിയകളോ കൂടാതെ എപ്പോഴാണോ അദ്ദേഹമൊരു സര്‍വ്വസംഗപരിത്യാഗിയായി(സന്യാസിയായി) വീടുപേക്ഷിച്ച് പോകാന്‍ തുടങ്ങിയത്, തന്‍റെ പിതാവായ വ്യാസദേവന്‍ ആ വേര്‍പാടിനെ ഭയന്നിട്ട് കരഞ്ഞു കൊണ്ട് “എന്‍റെ പുത്രാ!!!”, എന്ന് നിലവിളിച്ചു, വാസ്തവത്തില്‍ അവിടെയുണ്ടായിരുന്ന മഹാതരുക്കളില്‍ പോലും ആ തീവ്രദുഖത്തിന്‍റെ നിഴല്‍ ആ വൃദ്ധപിതാവിനു വേണ്ടി പ്രതിധ്വനിച്ചു നിന്നു.

ശ്ലോകം 3

യസ്സ്വാനുഭാവമഖിലശ്രുതിസാരമേക-

മദ്ധ്യാത്മദീപമതിതിതീര്‍ഷതാം തമോന്ധം

സംസാരിണാം കരുണയാഹ പുരാണഗുഹ്യം

തം വ്യാസസൂനുമുപയാമി ഗുരും മുനീനാം

വിവര്‍ത്തനം

എല്ലാ യോഗിവര്യന്മാരുടെയും ആദ്ധ്യാത്മിക ഗുരുവായ, അതിഭാവുകത്വം നിറഞ്ഞ ഭൌതികതയുടെ ഇരുണ്ട മേഖലയില്‍ മുങ്ങിത്താഴുന്ന പതിതാത്മാക്കളെ തന്‍റെ അനുകമ്പയാല്‍ മറുകര കടക്കാന്‍ സഹയിയ്ക്കാന്‍ തയ്യാറായ ആ മഹാനുഭാവന് (ശുകന്‍)വൈദിക ജ്ഞാനമിശ്രണത്തിന്‍റെ ഉപരിപ്ലവമായ ഗൂഢമായ അറിവിനെക്കുറിച്ച് സ്വന്തം അനുഭവങ്ങളില്‍ നിന്ന് പകര്‍ന്നു നല്കിയ അദ്ദേഹത്തിന് സാദര പ്രണാമങ്ങളര്‍പ്പിയ്ക്കാന്‍ നിങ്ങളെന്നെ അനുവദിച്ചാലും.

ശ്ലോകം 4

നാരായണം നമസ്കൃത്യ

നരം ചൈവ നരോത്തമം

ദേവീം സരസ്വതീം വ്യാസം

തതോ ജയമുദീരയേത്

വിവര്‍ത്തനം

അറിവിന്‍റെ ജഢരാഗ്നിയെ ശമിപ്പിയ്ക്കാന്‍ കഴിവുള്ള ശ്രീമദ്-ഭാഗവതം ചൊല്ലിതുടങ്ങുന്നതിന് മുന്നോടിയായി ഓരോരുത്തരും പരമ ദിവ്യോത്തമ പുരുഷനായ നാരായണനും, പ്രഥമ മനുഷ്യനും ശ്രേഷ്ഠനുമായ നര-നാരായണ ഋഷിയ്ക്കും, വിദ്യാദേവിയായ സരസ്വതി മാതാവിനും, എഴുതിയ ശ്രീല വ്യാസദേവനും സാദര പ്രണാമങ്ങള്‍ അര്‍പ്പിയ്ക്കേണ്ടതാണ്.

ശ്ലോകം 5

മുനയസ്സാധു പൃഷ്ടോऽഹം

ഭവദ്ഭിര്‍ല്ലോകമംഗളം

യത്‌കൃതഃ കൃഷ്ണസം‌പ്രശ്നോ

യേനാത്മാ സുപ്രസീദതി

വിവര്‍ത്തനം

അല്ലയോ മുനിവര്യന്‍മാരേ, സദാചാരപരമായും സാമൂഹ്യ നാന്മയ്ക്കുതകുന്നതുമായ ചോദ്യങ്ങളാണ് നിങ്ങളെന്നോട് ചോദിച്ചിരിയ്ക്കുന്നത്. നിങ്ങളുടെ ഈ സംശയങ്ങളൊക്കെത്തന്നെ വിലമതിയ്ക്കാനാകാത്തതാണ് കാരണം അവ ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ടതും ലോകനന്മയ്ക്കുപയോഗ പ്രദവുമാകുന്നു. ഇത്തരം ചോദ്യങ്ങള്ക്കു മാത്രമേ ആത്മാവിനെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താന് സാധിയ്ക്കുകയുള്ളൂ .


ശ്ലോകം 6

സ വൈ പുംസാം പരോ ധര്‍മ്മോ

യതോ ഭക്തിരധോക്ഷജേ

അഹൈതുക്യപ്രതിഹതാ

യയാത്മാ സം‌പ്രസീദതി

വിവര്‍ത്തനം

മാനവകുലത്തിന്‍റെ പരമമായ കര്‍ത്തവ്യം അഥവാ ധര്‍മ്മം എന്നത് സ്നേഹലിപ്തമായ ഭക്തിയുത ഭഗവദ് സേവനമാണ് . ആത്മാവിനെ സന്തുഷ്ടമാക്കുന്നതിലെയ്ക്കായി അത് ഫലേച്ഛയില്ലാതെയും നിര്‍ബാധം തുടരേണ്ടതുമാണ്.

ശ്ലോകം 7

വാസുദേവേ ഭഗവതി

ഭക്തിയോഗഃ പ്രയോജിതഃ

ജനയത്യാശു വൈരാഗ്യം

ജ്ഞാനം ച യദൈഹൈതുകം

വിവര്‍ത്തനം

പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണനുവേണ്ടി നാം അര്‍പ്പിയ്ക്കുന്ന ഭക്തിയുത ഭഗവദ് സേവനത്തിലൂടെ ഒരാള്‍ക്ക് അഹൈതുകമായ ജ്ഞാനവും ഇഹലോക വിരക്തിയും കരഗതമാകുന്നു.

ശ്ലോകം 8

ധര്‍മ്മസ്സ്വനുഷ്ഠിതഃ പുംസാം

വിഷ്വക്സേനകഥാസു യഃ

നോത്പാദയേദ്യദി രതിം

ശ്രമ ഏവ ഹി കേവലം.

വിവര്‍ത്തനം

പരമ ദിവ്യോത്തമപുരുഷന്‍റെ ഉപദേശങ്ങളിലേയ്ക്ക് ആകൃഷ്ടമാക്കാന്‍ പ്രാപ്തമല്ലാതെ നാം അനുഷ്ഠിയ്ക്കുന്ന നമ്മുടേതായ കര്‍ത്തവ്യങ്ങളെല്ലാം തന്നെ വൃഥാവിലാണ് . വെറും ശ്രമങ്ങള്‍ മാത്രമായി അത് പരിണമിയ്ക്കും.

ശ്ലോകം 9

ധര്‍മ്മസ്യ ഹ്യാപവര്‍ഗ്ഗസ്യ

നാര്‍ഥോऽര്‍ഥായ കല്പതേ

നാര്‍ഥസ്യ ധര്‍മ്മൈകാന്തസ്യ

കാമോ ലാഭായ ഹി സ്മൃതഃ

വിവര്‍ത്തനം

എല്ലാ കുല ധര്‍മ്മങ്ങളും തീര്‍ച്ചയായും പരമമായ മുക്തിയിലേയ്ക്ക് നമ്മെ നയിയ്ക്കുന്നതാണ്. പക്ഷെ അതൊരിയ്ക്കലും ഫലേച്ഛയോടെ ചെയ്യുന്നതാകരുത്. കൂടുതലായി പറയുകയാണെങ്കില്‍ പരമ മായ ധര്‍മ്മ പ്രവര്‍ത്തികളിലേര്‍പ്പെടുന്ന ഒരു വ്യക്തി തനിയ്ക്ക് ലഭിയ്ക്കുന്ന ഭൌതികമായ ലാഭത്തെ ഒരിയ്ക്കലും ഇന്ദ്രിയാസ്വാദനത്തിനായി ഉപയോഗിയ്ക്കാന്‍ പാടുള്ളതല്ലെന്നാണ് മുനി മതം.

ശ്ലോകം 10

കാമസ്യ നേന്ദ്രിയപ്രീതിര്‍

ലാഭോ ജീവേത യാവതാ

ജീവസ്യ തത്വജിജ്ഞാസാ

നാര്‍ഥോ യശ്ചേഹ കര്‍മ്മഭിഃ

വിവര്‍ത്തനം

ജീവിതാഭിലാഷങ്ങളെ നാം ഒരിയ്ക്കലും ഇന്ദ്രിയാസ്വാദനത്തിലേയ്ക്ക് നയിയ്ക്കുവാന്‍ പാടുള്ളതല്ല. മാനവ കുലത്തിന്‍റെ പരമമായ ധര്‍മ്മം പരമ സത്യത്തെക്കുറിച്ചുള്ള അന്വേഷണമാണെന്നിരിക്കെ, ഒരു നല്ല ജീവിതവും സ്വയ പര്യാപ്തതയും മാത്രമേ നാം ആഗ്രഹിയ്ക്കേണ്ടതുള്ളൂ.

ശ്ലോകം 11

വദന്തി തത്തത്വവിദഃ

തത്വം യജ്ഞാനമദ്വയം

ബ്രഹ്മേതി പരമാത്മേതി

ഭഗവാനിതി ശബ്ദ്യതേ

വിവര്‍ത്തനം

പരമസത്യത്തെ അറിയാവുന്ന ജ്ഞാനികളായ ആദ്ധ്യാത്മവാദികള്‍ ഈ അദ്വൈത വസ്തുവിനെ ബ്രഹ്മം, പരമാത്മാവ്, ഭഗവാന്‍ എന്നിങ്ങനെ വിളിയ്ക്കുന്നു.

ശ്ലോകം 12

തച്ഛ്രദ്ദധാനാ മുനയോ

ജ്ഞാനവൈരാഗ്യയുക്തയാ

പശ്യന്ത്യാത്മനി ചാത്മാനം

ഭക്ത്യാ ശ്രുതഗൃഹീതയാ

വിവര്‍ത്തനം

വേദാന്ത ശ്രുതിയില്‍ നിന്നുള്ള കേട്ടറിവ് അനുസരിച്ച് ജ്ഞാനവും വിരക്തിയും കൈമുതലായുള്ള കാര്യ ഗൌരവമുള്ളൊരു വിദ്യാര്‍ത്ഥിയ്ക്ക് അല്ലെങ്കില്‍ ഒരു യോഗിയ്ക്ക് ഭക്തിയുത ഭഗവദ് സേവനത്തിലൂടെ പരമസത്യത്തെ മനസ്സിലാക്കാം.

ശ്ലോകം 13

അതഃ പുംഭിര്‍ദ്വിജശ്രേഷ്ഠാ

വര്‍ണ്ണാശ്രമവിഭാഗശഃ

സ്വനുഷ്ഠിതസ്യ ധര്‍മസ്യ

സംസിദ്ധിര്‍ഹരിതോഷണം

വിവര്‍ത്തനം

അതുകൊണ്ട് അല്ലയോ ദ്വിജ ശ്രേഷ്ടാ, മത ധര്‍മ്മങ്ങളനുസരിച്ച്, വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളനുസരിച്ച് പരിപൂര്‍ണ്ണതയുടെ വിവക്ഷ പരമ ദിവ്യോത്തമ പുരുഷനായ ഭഗവാനെ പ്രീതിപ്പെടുത്തലാണെന്ന് നമുക്ക് ഉപസംഹരിയ്ക്കാം, അതാണ് അവന് വിധിച്ചിട്ടുള്ള കര്‍ത്തവ്യവും

ശ്ലോകം 14

തസ്മാദേകേന മനസാ

ഭഗവാന്‍ സാത്വതാം പതിഃ

ശ്രോതവ്യഃ കീര്‍ത്തിതവ്യശ്ച

ധ്യേയഃ പൂജ്യശ്ച നിത്യദാ

വിവര്‍ത്തനം

അതുകൊണ്ട്, ഒരേ ബിന്ദുവില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരാള്‍ നിത്യവും ഭക്തര്‍ സം രക്ഷകനായ ഭഗവാനെക്കുറിച്ച് ശ്രവിക്കുകയും, കീര്‍ത്തിയ്ക്കുകയും, ആരാധിയ്ക്കുകയും വേണം,

ശ്ലോകം 15

യദനുദ്ധ്യാസിനാ യുക്താഃ

കര്‍മ്മഗ്രന്ഥി നിബന്ധനം

ഛിന്ദന്തി കോവിദാസ്തസ്യ

കോ ന കുര്യാത് കഥാരതിം

വിവര്‍ത്തനം

പരമ ദിവ്യോത്തമ പുരുഷനെ നിത്യേന ഓര്‍ക്കുക വഴി തന്‍റെ കൈയ്യിലുള്ള ജ്ഞാന ഖഡ്ഗത്താല്‍ ബുദ്ധിമാനായ മനുഷ്യന്‍ പ്രതിപ്രവര്‍ത്തനങ്ങളെ(കര്‍മ്മത്തെ) ഓരോന്നായി ഛേദിയ്ക്കാന്‍ കഴിയും. ആയതിനാല്‍, ആരാണ് അദ്ദേഹത്തിന്‍റെ ഉപദേശങ്ങളെ മാനിയ്ക്കാതിരിയ്ക്കുന്നത്?

ശ്ലോകം 16

ശുശ്രൂഷോഃ ശ്രദ്ദധാനസ്യ

വാസുദേവകഥാരുചിഃ

സ്യാന്മഹത്സേവയാ വിപ്രാഃ

പുണ്യതീര്‍ഥനിഷേവണാത്

വിവര്‍ത്തനം

അല്ലയോ ദ്വിജ ശ്രേഷഠാ, എല്ലാ ദുരാചാരങ്ങളില്‍ നിന്നും പൂര്‍ണ്ണമായും കരകയറിയ പരമ ഭക്തന്മാരെ സേവിക്കുകയെന്നാല്‍ നാം വലിയൊരു കര്‍തവ്യമാണവിടെ നിറവേറ്റിയിരിയ്ക്കുന്നത്. അത്തരം സേവനങ്ങള്‍ നമ്മെ വസുദേവന്‍റെ ഉപദേശങ്ങള്‍ ശ്രവിയ്ക്കുന്നതിന് പ്രാപ്തരാക്കി തീര്‍ക്കുന്നു.

ശ്ലോകം 17

ശൃണ്വതാം സ്വകഥാം കൃഷ്ണഃ

പുണ്യശ്രവണകീര്‍ത്തനഃ

ഹൃദ്യന്തസ്ഥോ ഹ്യഭദ്രാണി

വിധുനോതി സുഹൃത്സതാം

വിവര്‍ത്തനം

സര്‍വ്വ ജീവജാലങ്ങളുടെയും ഹൃദയത്തില്‍ പരമാത്മാവായും സത്യസന്ധനായ ഭക്തന് സഹായിയായും വര്‍ത്തിയ്ക്കുന്ന പരമ ദിവ്യോത്തമ പുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ നന്മയെ മാത്രം സ്വാംശീകരിച്ചിരിയ്ക്കുന്ന ഉപദേശങ്ങളെ ശരിയാം വിധം ശ്രവിയ്ക്കുകയും ഉരുവിടുകയും ചെയ്യുക വഴി നാം നന്മയുടെ പാതയിലേയ്ക്ക് നയിയ്ക്കപ്പെടുകയായി.

ശ്ലോകം 18

നഷ്ടപ്രായേഷ്വഭദ്രേഷു

നിത്യം ഭാഗവതസേവയാ

ഭഗവത്യുത്തമശ്ലോകേ

ഭക്തിര്‍ഭവതി നൈഷ്ഠികീ

വിവര്‍ത്തനം

നിത്യേനയുള്ള ഭാഗവത പഠന ശിബിരങ്ങളിലൂടെയും പരമഭക്തന്മാര്‍ക്ക് നാം ചെയ്യുന്ന സേവകള്‍ മുഖേനയും മനസ്സിലെ പ്രശ്നങ്ങളൊക്കെയും പൂര്‍ണ്ണമായും നശിയ്ക്കുകയും, സ്നേഹയുതമായ ഭക്തിയുത ഭഗവദ് സേവനത്തിന് നാം പ്രാപ്തരാകുകയും, ആത്മീയ ശ്ലോകങ്ങളാല്‍ വാഴ്ത്തപ്പെടുന്ന ഭഗവാന്‍ ഒരു നിത്യ സത്യമായി നമ്മില്‍ കുടികൊള്ളുകയും ചെയ്യുന്നു.

ശ്ലോകം 19

തദാ രജസ്തമോ ഭാവാഃ

കാമലോഭാദയശ്ച യേ

ചേത ഏതൈരനാവിദ്ധം

സ്ഥിതം സത്വേ പ്രസീദതി

വിവര്‍ത്തനം

നമ്മുടെ ഹൃദയത്തില്‍ അത്തരം ഒരു നിത്യമായ ഭാവം ഭഗവദ് സേവനത്തിലുണ്ടായാല്‍ ഉടന് തന്നെ പ്രകൃതിയുടെ വൈവിധ്യ ഭാവങ്ങളായ രജോ-തമോ ഗുണങ്ങളില്‍ നിന്നുളവാകുന്ന കാമ, ക്രോധ, ലോഭ മോഹങ്ങള്‍ ഹൃദയത്തെ വിട്ടകലുന്നു. അപ്പോള്‍ ഭക്തന്‍ സദ്ഗുണങ്ങളില്‍ മാത്രം വര്‍ത്തിയ്ക്കുകയും, അവന് സ്ഥായിയായ സംതൃപ്തി ലഭിയ്ക്കുകയും ചെയ്യുന്നു.

ശ്ലോകം 20

ഏവം പ്രസന്നമനസോ

ഭഗവത്ഭക്തിയോഗതഃ

ഭഗവത്തത്വവിജ്ഞാനം

മുക്തസംഗസ്യ ജായതേ

വിവര്‍ത്തനം

അങ്ങനെ കളങ്കരഹിതമായ സന്തോഷഭാവത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ഭക്തന്‍റെ മനസ്സ് എല്ലായ്പ്പോഴും ഭഗവദ് സേവന ത്വരയാല്‍ ഉത്തേജിത മാവുകയും അപ്പോളദ്ദേഹത്തിന് പരമ ദിവ്യോത്തമ പുരുഷനായ ഭഗവാനെക്കുറിച്ചുള്ള ഋണമായ ശാസ്ത്രീയ ജ്ഞാനം കൈവശമാകുകയും, അങ്ങനെ അയാള്‍ക്ക് ഭൌതികമായ സഹവാസങ്ങളില്‍ നിന്ന് മുക്തി ലഭിയ്ക്കുകയും ചെയ്യുന്നു.

ശ്ലോകം 21

ഭിദ്യതേ ഹൃദയഗ്രന്ഥിഃ

ഛിദ്യന്തേ സര്‍വസംശയാഃ

ക്ഷീയന്തേ ചാസ്യ കര്‍മ്മാണി

ദൃഷ്ട ഏവാത്മനീശ്വരേ

വിവര്‍ത്തനം


അങ്ങനെ ഹൃദയത്തിലെ കെട്ടുബന്ധങ്ങളെല്ലാം അറ്റ്, സംശയങ്ങളെയെല്ലാം തച്ചുടച്ച് കഷണങ്ങളാക്കി എപ്പോഴാണോ ഒരുവന്‍ ആത്മാവിനെ തന്‍റെ ചൈത്യഗുരുവായി കാണുന്നു അപ്പോള്‍ അയാള്‍ തന്‍റെ ഫലേച്ഛയോടെയുള്ള പ്രവൃത്തികളാകുന്ന ചങ്ങലയെ പൊട്ടിച്ചെറിയുന്നു.

ശ്ലോകം 22

അതോ വൈ കവയോ നിത്യം

ഭക്തിം പരമയാ മുദാ

വാസുദേവേ ഭഗവതി

കുര്‍വന്ത്യാത്മപ്രസാദനീം.

വിവര്‍ത്തനം


അതുകോണ്ട് തീര്‍ച്ചയായും നമുക്ക് ഒരു കാര്യം ഉറപ്പിയ്ക്കാം അനാദികാലം മുതല്‍ക്കുതന്നെ എല്ലാ ആത്മീയവദികളും പരമ ദിവ്യോത്തമ പുരുഷനായ ഭഗവാന്‍ കൃഷ്ണനു വേണ്ടി ഭക്തിയുത ഭഗവത് സേവനം നടത്തിയിരുന്നു, അത്തരം പരമാനന്ദം പ്രധാനം ചെയ്യുന്ന ഭക്തിയുത സേവനം ആത്മാവിനെ ചൈതന്യവത്താക്കുന്നു.


ശ്ലോകം 23

സത്വം രജസ്തമ ഇതി പ്രകൃതേര്‍ഗുണാസ്തൈഃ

യുക്തഃ പരഃ പുരുഷ ഏക ഇഹാസ്യ ധത്തേ

സ്ഥിത്യാദയേ ഹരിവിരിഞ്ചിഹരേതി സംജ്ഞാഃ

ശ്രേയാംസി തത്ര ഖലു സത്വതനോര്‍നൃണാം സ്യുഃ

വിവര്‍ത്തനം


ഭഗവാന്‍റെ ആത്മീയ വ്യക്തിത്വം പരോക്ഷമായി ഭൌതിക പ്രകൃതിയുടെ പരോഭാവങ്ങളായ സത്വ, രജോ, തമോ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു, കൂടാതെ ഭൌതികലോകത്തിലെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ക്കായി അവിടുന്ന് മൂന്ന് ഗുണരൂപങ്ങളായ ബ്രഹ്മ, വിഷ്ണു, മഹേശ്വര രൂപങ്ങളും സ്വീകരിച്ചിരിയ്ക്കുന്നു. ഈ മൂന്നു ഗുണങ്ങളില്‍ നിന്ന് നന്മയുടെ ആകാര മായ വിഷ്ണുമൂര്‍ത്തിയില്‍ നിന്നും എല്ലാമാനവര്‍ക്കും അങ്ങേയറ്റത്തെ ഗുണഗണങ്ങള്‍ ലഭിയ്ക്കുന്നതാണ്.


ശ്ലോകം 24

പാര്‍ഥിവാദ്ദാരുണോ ധൂമഃ

തസ്മാദഗ്നിസ്ത്രയീമയഃ

തമസസ്തു രജസ്തസ്മാത്

സത്വം യത് ബ്രഹ്മദര്‍ശനം

വിവര്‍ത്തനം


തടിയാല്‍ ജ്ജ്വലിയ്ക്കുന്ന അഗ്നികുണ്ഡം ഭൂമിയുടെ ഇനിയൊരു രൂപാന്തരമാകുന്നു, എന്നാല്‍ പച്ചയായ തടീ പുകയെക്കാള്‍ നല്ലതാണ്, എന്നാല്‍ അഗ്നി പുകയെക്കാള്‍ മെച്ചമാണ് അത് നമുക്ക് കൂടുതല്‍ ജ്ഞാനം പകര്‍ന്നു നല്‍കുന്നു (വൈദിക സംസ്കാരങ്ങളിലൂടെ), അതുപോലെ രജോഗുണം തമോഗുണത്തെക്കാള്‍ മെച്ചമാണ്, എന്നാല്‍ നന്മമാത്രം വിതയ്ക്കുന്ന സത്വഗുണമാണ് ഏറ്റവും മെച്ചം കാരണം സത്വഗുണത്തില്‍ നിന്ന് മാത്രമേ പരമസത്യത്തെ സാക്ഷാത്കരിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ.


ശ്ലോകം: 25

ഭേജിരേ മുനയോऽഥാഗ്രേ

ഭഗവന്തമധോക്ഷജം

സത്വം വിശുദ്ധം ക്ഷേമായ

കല്പന്തേ യേऽനു താനിഹ

വിവര്‍ത്തനം


മുന്‍പേ തന്നെ എല്ലാ മഹായോഗികളും പരമദിവ്യോത്തമ പുരുഷനായ ഭഗവാന് സേവനങ്ങള്‍ നടത്തിയിരുന്നു കാരണം ത്രിവിധത്തിലുള്ള ഭൌതികപ്രപൃതിയുടെയും മുകളിലുള്ള അദ്ദേഹത്തിന്‍റെ നിലനില്പു തന്നെ. ഭൌതിക ബദ്ധതയില്‍ നിന്നു പുറത്തു വരുന്നതിനും അതിലുപരി തങ്ങളുടെ ജീവിതത്തില്‍ നിന്നും ഏറ്റവും മെച്ചമായ ഫലം കണ്ടത്തുന്നതിനും വേണ്ടിയാണവര്‍ അങ്ങനെ ചെയ്തിരുന്നത്.

ശ്ലോകം 26

മുമുക്ഷവോ ഘോരരൂപാന്

‍ഹിത്വാ ഭൂതപതീനഥ

നാരായണകലാഃ ശാന്താഃ

ഭജന്തി ഹ്യനസൂയവഃ

വിവര്‍ത്തനം


മുക്തിയെ പ്രാപിയ്ക്കാന്‍ കാര്യഗൌരവത്തോടെ ആലോചിയ്ക്കുന്നവരൊന്നും തന്നെ അസൂയാലുക്കളായിരിയ്ക്കുകയില്ലെന്ന് മാത്രവുമല്ല മറ്റുള്ളവരെ ബഹുമാനിയ്ക്കുന്നവരും ആയിരിയ്ക്കും. അവര്‍ ബീഭത്സങ്ങളായ ഉപദൈവതങ്ങളെ ഉപേക്ഷിയ്ക്കുകയും സര്‍വ്വൈശ്വര്യദായകരൂപങ്ങളായ വിഷ്ണുവിനെയും വിഷ്ണുവിന്‍റെ അംശങ്ങളെയും ആരാധിയ്ക്കുകയും ചെയ്യുന്നു.


ശ്ലോകം 27

രജസ്തമഃ പ്രകൃതയഃ

സമശീലാ ഭജന്തി വൈ

പിതൃഭൂതപ്രജേശാദീന്

‍ശ്രിയൈശ്വര്യപ്രജേപ്സവഃ


വിവര്‍ത്തനം


രജോഗുണത്തിലും തമോഗുണത്തിലും സ്ഥിതിചെയ്യുന്നവര്‍ പ്രാപഞ്ചിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിയ്ക്കുന്ന പിതൃക്കളെയോ ഉപദേവന്മാരെയോ മറ്റ് ജീവജാലങ്ങളെയോ ആരാധിയ്ക്കുന്നു, സ്ത്രീ, ധനം, അധികാരം, സന്തതികള്‍ തുടങ്ങിയ ഭൌതിക കാര്യങ്ങള്‍ നേടുന്നതിനുള്ള ആഗ്രഹത്താല്‍ പ്രചോദിതരായാണ് അത്തരക്കാര്‍ ഇങ്ങനെ ചെയ്യുന്നത്.


ശ്ലോകം 28-29

വാസുദേവപരാഃ വേദാഃ

വാസുദേവപരാ മഖാഃ

വാസുദേവപരാ യോഗാഃ

വാസുദേവപരാ ക്രിയാഃ

വാസുദേവപരം ജ്ഞാനം

വാസുദേവപരം തപഃ

വാസുദേവപരോ ധര്‍മ്മോ

വാസുദേവപരാ ഗതിഃ

വിവര്‍ത്തനം


അറിയപ്പെടുന്ന വൈദിക ഗ്രന്ഥങ്ങളിലെല്ലാം തന്നെ, പരമമായ ജ്ഞാനവസ്തു പരമ ദിവ്യോത്തമ പുരുഷനായ ഭഗവാനെന്ന് പറഞ്ഞിരിയ്ക്കുന്നു. യാഗങ്ങള്‍ അവിടുത്തെ പ്രീതിയ്ക്കായാണ് അനുഷ്ഠിയ്ക്കുന്നത്, യോഗ അവിടുത്തെ മനസ്സിലാക്കുന്നതിനായിട്ടാണ് ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. എല്ലാ ഭൌതിക കര്‍മ്മങ്ങള്‍ക്കുമുള്ള ഫലം ആത്യന്തികമായി അവിടുന്നു മാത്രം വിധിയ്ക്കുന്നു. പരമമായ ജ്ഞാനവും അവിടുന്നു തന്നെ കൂടാതെ കാഠിന്യമേറിയ അനുഷ്ഠാനങ്ങള്‍ അദ്ദേഹത്തെ മനസ്സിലാക്കുന്നതിനായിട്ടാണ് നടത്തേണ്ടത്. മതധര്‍മ്മങ്ങള്‍ അവിടുത്തേയ്ക്കായി ചെയ്യുന്ന ഭക്തിയുത സേവന മാണ്. അങ്ങനെ ജീവിതത്തിന്‍റെ ലക്ഷ്യം തന്നെ അവിടുന്നാണ്.


ശ്ലോകം 30

സ ഏവേദം സസര്‍ജ്ജാഗ്രേ

ഭഗവാനാത്മമായയാ

സദസദ്രൂപയാ ചാസൌ

ഗുണമയ്യാऽഗുണോ വിഭുഃ


വിവര്‍ത്തനം


ഭൌതിക സൃഷ്ടിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ വസുദേവന്‍ ആത്മീയ ധാമത്തിലിരുന്നുകൊണ്ട് തന്‍റെ തന്നെ ചിത്(ആന്തരിക ഊര്‍ജ്ജം) ശക്തിയാല്‍ സൃഷ്ടിച്ചതാണ് ഈ കാരണങ്ങളും സിദ്ധികളും ആകുന്ന ഊര്‍ജ്ജരൂപങ്ങളെല്ലാം തന്നെ.

ശ്ലോകം 31

തയാ വിലസിതേഷ്വേഷു

ഗുണേഷു ഗുണവാനിവ

അന്തഃപ്രവിഷ്ട ആഭാതി

വിജ്ഞാനേന വിജൃംഭിതഃ

വിവര്‍ത്തനം


ഭൌതിക സൃഷ്ടികള്‍ നടത്തിയതിന് ശേഷം ഭഗവാന്‍(വാസുദേവന്‍) സ്വയം പലതായി വികസിയ്ക്കുകയും സൃഷ്ടികള്‍ക്കുള്ളിലേയ്ക്ക് പ്രവേശിയ്ക്കുകയും ചെയ്യുന്നു. പ്രാപഞ്ചികമായ ഭൌതിക പ്രകൃതിയ്ക്കുള്ളിലാണ് അവിടുത്തെ വാസം എങ്കില്‍ക്കൂടി തന്‍റെ ഓരോ ഭൌതിക സൃഷ്ടികളെയും ആത്മീയ വിധാനത്തില്‍ ഉദ്ബോധിപ്പിച്ച് കൊണ്ടേയിരിയ്ക്കുന്നതായാണ് കാണപ്പെടുന്നത്.


ശ്ലോകം 32

യഥാ ഹ്യവഹിതോ വഹ്നിഃ

ദാരുഷ്വേകഃ സ്വയോനിഷു

നാനേവ ഭാതി വിശ്വാത്മാ

ഭൂതേഷു ച തഥാ പുമാന്‍.

വിവര്‍ത്തനം


പരമാത്മാവായ ഭഗവാന്‍ തടിയില്‍ വ്യാപിയ്ക്കുന്ന അഗ്നി കണക്കെ സര്‍വ്വവ്യാപിയാണ്, അതുകൊണ്ട് തന്നെ മാറ്റുരയ്ക്കാന്‍ മറ്റൊന്നില്ലാത്ത പരമസത്യമായ അവിടുന്ന് വ്യത്യസ്തങ്ങളായാണ് കാണപ്പെടുന്നത്.


ശ്ലോകം 33

അസൌ ഗുണമയൈര്‍ഭാവൈഃ

ഭൂതസൂക്ഷ്മേന്ദ്രിയാത്മഭിഃ

സ്വനിര്‍മ്മിതേഷു നിര്‍വിഷ്ടോ

ഭുങ്‌ക്തേ ഭൂതേഷു തദ്ഗുണാന്‍.

വിവര്‍ത്തനം


ഭൌതിക പ്രകൃതിയുടെ വിവിധ ഭാവങ്ങളാല്‍ പ്രചോദിതരാകുന്ന തന്‍റെ സൃഷ്ടികളില്‍ പരകായ പ്രവേശം ചെയ്യുന്ന പരമാത്മാവ് തങ്ങളുടെ അതി സൂക്ഷ്മമായ മനസ്സിലൂടെ ആ ആനന്ദം നുകരുന്നതിന് കാരണ ഭൂതനാവുകയും ചെയ്യുന്നു.


ശ്ലോകം 34

ഭാവയത്യേഷ സത്വേന

ലോകാന്‍ വൈ ലോകഭാവനഃ

ലീലാവതാരാനുരതോ

ദേവ തിര്യങ്‌നരാദിഷു.

വിവര്‍ത്തനം


അങ്ങനെ പ്രപഞ്ച നാഥനായ ഭഗവാന്‍ ഉപദേവന്മാരും, മാനവ സമൂഹവും, താണനിലവാരത്തിലുള്ള മൃഗങ്ങള്‍ തുടങ്ങി എല്ലാവരും അധിവസിയ്ക്കുന്ന ഗ്രഹങ്ങളെയൊട്ടാകെ പരിപാലിയ്ക്കുന്നു. വിവിധാനങ്ങളായ അവതാരങ്ങള്‍ സ്വീകരിച്ചുകൊണ്ട് അവിടുന്ന് ശുദ്ധസത്വത്തില്‍ വര്‍ത്തിയ്ക്കുന്ന ജീവാത്മക്കളെ സന്മാര്‍ഗ്ഗത്തില്‍ നയിയ്ക്കുന്നതിലേയ്ക്കായി വൈവിത്യങ്ങളായ ലീലകളാടുന്നു.

ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്‍റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം രണ്ടിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു.


Thursday, March 15, 2007

ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:1


വേദ വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.

ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:


സ്കന്ധം ഒന്ന്

സൃഷ്ടി

അദ്ധ്യായം:1

മാമുനി മാരുടെ ചോദ്യങ്ങള്‍!

ശ്ലോകം 1

ഓം നമോ ഭഗവതേ വാസുദേവായ
ജന്മാദ്യസ്യ യതോന്വയാദിതരതഃ
ചാര്‍ഥേഷ്വഭിജ്ഞഃ സ്വരാട്
തേനേ ബ്രഹ്മ ഹൃദാ യ ആദികവയേ മുഹ്യന്തി യത്‌സൂരയഃ
തേജോവാരിമൃദാം യഥാ വിനിമയോ യത്ര ത്രിസര്‍ഗ്ഗോऽമൃഷാ
ധാമ്നാ സ്വേന സദാ നിരസ്തകുഹകം സത്യം പരം ധീമഹി
വിവര്‍ത്തനം

അല്ലയൊ!! വസുദേവ സുതനായ ഭഗവാനേ ശ്രീ കൃഷ്ണാ, സര്‍വ്വവ്യാപിയും പരമ ദിവ്യോത്തമ പുരുഷനുമായ അങ്ങേയ്ക്കായി ഞാനെന്‍റെ കോടി നമസ്കാരങ്ങള്‍ അര്‍പ്പിയ്ക്കുന്നു. ഞാനെപ്പോഴും ഭഗവാന്‍ ശ്രീ കൃഷ്ണനില്‍ ധ്യാന നിരതനാവുന്നു കാരണം ഇന്നീക്കാണുന്ന പ്രത്യക്ഷ പ്രപഞ്ചങ്ങളുടെയെല്ലാം പരമസത്യവും ആദികാരണങ്ങളുടെ കാരണവുമായ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയുടെ ഉറവിടം അങ്ങയില്‍ നിക്ഷിപ്തമാണെന്ന് ഞാനറിയുന്നു എന്നതു തന്നെ. പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടിവിശേഷങ്ങളുമായി നേരിട്ടോ അല്ലാതെയോ അവിടുന്നുമായി ബന്ദിപ്പിച്ചിരിയ്ക്കുന്നു, കൂടാതെ അങ്ങ് സ്വതന്ത്രനുമാണ്‍ കാരണം അങ്ങേയ്ക്കുപരിയായ് മറ്റൊരു കാരണം ഇല്ലെന്നതുതന്നെ. പ്രഥമ ജീവസത്തയായ ബ്രഹ്മദേവന്‍ വൈദികമായ ജ്ഞാനം പകര്‍ന്നു നല്‍കിയതും അങ്ങല്ലാതെ മറ്റാരുമല്ലെന്നതും ഞാനറിയുന്നു. അഗ്നിയില്‍ പ്രത്യക്ഷമാകുന്ന ജലകണങ്ങളെയോ ജലത്തെയുള്‍ക്കൊള്ളുന്ന ഭൂമിയെയൊ വിഭ്രമതയോടെ വീക്ഷിയ്ക്കുന്ന ഒരുവനെ പോലെ അദ്ദേഹം മഹാമുനിമാരെയും ഉപദേവന്മാരെപ്പോലും ചിലപ്പോള്‍ വിസ്മൃതിയില്‍ നിര്‍ത്താറുണ്ട്. ഭൌതിക പ്രപഞ്ചങ്ങളിലെ ത്രിവിധത്തിലുള്ള പ്രാപഞ്ചികവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളാല് പ്രത്യക്ഷമാകുന്ന താല്‍കാലിക സൃഷ്ടികള്‍ അയഥാര്‍ത്ഥ്യമാണെങ്കില്‍പ്പോലും അവിടുത്തെ കാരുണ്യം നിമിത്തം യാഥാര്‍ത്ഥ്യമായി കാണപ്പെടുന്നതും ഞാനറിയുന്നു. ആയതിനാല്‍ ഭൌതികലോകത്തിന്‍റെ മായികാഭാവങ്ങളില്‍ നിന്നും സനാതനമായി വെറിട്ടു നില്‍ക്കുന്ന ആത്മീയവിധാനത്തില്‍ ശശ്വതനായിരിയ്ക്കുന്ന അങ്ങേയില്‍ ഞാന്‍ ധ്യാനനിരതനാകുന്നു. പരമ സത്യമായ അങ്ങയെ ഞാന്‍ ധ്യാനിയ്ക്കുന്നു.


ശ്ലോകം 2
ധര്‍മ്മഃ പ്രോജ്ഝിത കൈതവോऽത്ര പരമോ നിര്‍മ്മത്സരാണാം സതാം
വേദ്യം വാസ്തവമത്ര വസ്തു ശിവദം താപത്രയോന്മൂലനം
ശ്രീമദ്ഭാഗവതേ മഹാമുനികൃതേ കിം വാ പരൈരീശ്വര-സ്സദ്യോ
ഹൃദ്യവരുദ്ധ്യതേऽത്രകൃതിഭിഃ ശുശ്രൂഷുഭിസ്തത്‌ക്ഷണാത്‌

വിവര്‍ത്തനം

ഭൌതിക പ്രകൃതിയാല്‍ ഉത്സുകരായി നാം ഏര്‍പ്പെടുന്ന എല്ലാ മതമൌലിക പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും ഉപേക്ഷിയ്ക്കുമ്പോള്‍ ഈ ഭാഗവത പുരാണം നമുക്ക് എറ്റവും വലിയ സത്യം വെളിപ്പെടുത്തിത്തരുന്നു, അത് തികച്ചും സാത്വികനായ ഒരു ശുദ്ധ ഭക്തന് മാത്രമേ മനസ്സിലാക്കാന്‍ സാധിയ്ക്കുകയുള്ളൂ. മായയില്‍ നിന്നും വേര്‍തിരിച്ച എല്ലാവരുടെയും ക്ഷേമത്തിനായിട്ടുള്ള നന്മ അതാണിവിടെ ഏറ്റവും വലിയ സത്യമായി വിവക്ഷിച്ചിട്ടുള്ളത്. ആ സത്യം ത്രിവിധ ക്ലേശങ്ങളെ വേരോടെ നീക്കം ചെയ്യുന്നു. മഹാമുനി വ്യാസദേവനാല്‍ രചിയ്ക്കപ്പെട്ട ഈ സുന്ദര സൃഷ്ടി, ഭാഗവതം ഈശ്വര സാക്ഷാത്കാരത്തിനുള്ള ഏറ്റവും ശ്രേഷ്ഠമായ ഉപാധിയാകുന്നു. വ്യാസദേവന്‍റെ പരിപക്വമായ സൃഷ്ടികളില്‍ ഏറ്റവും ഉന്നതമായിട്ടുള്ളത്. എന്തിനാണ് നമുക്കിനി മറ്റൊരു വൈദിക ഗ്രന്ഥം? എപ്പൊഴാണോ ഒരാള്‍ വളരെ ശ്രദ്ധയോടെ, ഭയഭക്തി ബഹുമാനങ്ങളോടെ ഭാഗവത സൂക്തങ്ങള്‍ ശ്രവിയ്ക്കുന്നത്, അപ്പോള്‍ തന്നെ ആ അറിവിന്‍റെ സംസ്കാരം പരമോന്നതനായ ഭഗവാനെ ശ്രോതാവിന്‍റെ ഹൃദയത്തില്‍ പ്രതിഷ്ഠിയ്ക്കുന്നു.

ശ്ലോകം 3
നിഗമകല്പതരോര്‍ഗ്ഗളിതം ഫലം
ശുകമുഖാദമൃതദ്രവസംയുതം
പിബത ഭാഗവതം രസമാലയം
മുഹുരഹോ രസികാ ഭുവി ഭാവുകാഃ

വിവര്‍ത്തനം

അല്ലയൊ ചിന്താശക്തിയുള്ള ജീവസത്തകളേ , വൈദിക സാഹിത്യത്തിലെ വളരെ പരിപക്വമായ ഭാഗവതം എന്ന ഈ ഫലത്തെ വേണ്ടുവോളം ആസ്വദിയ്ക്കൂ. ഇതിലെ വരികളോരോന്നും ശുകദേവഗോസ്വോമിയുടെ അധരപുടങ്ങളില്‍ നിന്നുതിര്‍ന്ന് വീണവയാണ് , എന്നതുകൊണ്ടുതന്നെ ഇത് അതിലും മധുരതരമാകുന്നു. മുക്താത്മാക്കളുള്‍പ്പെടെ പല ശ്രേഷ്ഠരും ഇതിന്‍റെ രുചി നേരത്തെ അറിഞ്ഞുകഴിഞ്ഞിരിയ്ക്കുന്നു.

ശ്ലോകം 4
നൈമിഷേऽനിമിഷക്ഷേത്രേ
ഋഷയശ്ശൌനകാദയഃ
സത്രം സ്വര്‍ഗ്ഗായ ലോകായ
സഹസ്രസമമാസത

വിവര്‍ത്തനം

ഒരിയ്ക്കല്‍ നൈമിഷാരണ്യത്തിലെ ഒരു പുണ്യസ്ഥലത്ത് വച്ച് മാമുനികളെല്ലാം ഒത്തുചേര്‍ന്ന് സഹസ്ര വര്ഷ‍ത്തേയ്ക്ക് ഒരു യാഗം ആരംഭിച്ചു. ഭഗവാനെയും ഭക്തന്മാരെയും പ്രീതിപ്പെടുത്തലായിരുന്നു യാഗ ലക്ഷ്യം.

ശ്ലോകം 5

ത ഏകദാ തു മുനയഃ

പ്രാതര്‍ഹുതഹുതാഗ്നയഃ

സത്കൃതം സൂതമാസീനം

പപ്രച്ഛുരിദമാദരാത്.

വിവര്‍ത്തനം

ഒരു ദിവസം, നൈമിഷാരണ്യത്തിലൊത്തുചേര്‍ന്ന മുനിമാരെല്ലാം പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞ് യാഗശാലയില്‍ അഗ്നി കുണ്ഡം ഒരുക്കി പുണ്യാത്മാവായ ശ്രീല സുത ഗൊസ്വോമിയ്ക്ക് ആസനവുമൊരുക്കി വളരെ ബഹുമാന പുരസ്കരം തങ്ങളുടെ സംശയങ്ങള്‍ അദ്ദേഹത്തോട് ചോദിയ്ക്കാന്‍ ആരംഭിച്ചു.

ശ്ലോകം 6

ഋഷയ ഊചുഃ

ത്വയാ ഖലു പുരാണാനി

സേതിഹാസാനി ചാനഘ!

ആഖ്യാതാന്യപ്യധീതാനി

ധര്‍മ്മശാസ്ത്രാണി യാന്യുത.

വിവര്‍ത്തനം

മുനിമാര്‍ പറഞ്ഞു: അല്ലയൊ സുത മഹാത്മാവേ അങ്ങയുടെ ബൌദ്ധികത ഈരേഴു ലോകങ്ങളിലും പുകള്‍പെറ്റതാണ് . ധാര്‍മ്മിക ജീവിതത്തിനാവശ്യമായ എല്ലാ ശാസ്ത്രങ്ങളിലും ഉള്ള അങ്ങയുടെ പാണ്ഡിത്യം അപാരമാണെന്നതും ഞങ്ങളറിയുന്നു. അങ്ങ് പുരാണാദി ചരിത്രങ്ങളെല്ലാം ശരിയായിട്ടുള്ള ശിക്ഷണത്തിന്‍ കീഴില്‍ അഭ്യസിച്ചയാളും. ഞങ്ങള്‍ക്കുവേണ്ടി അതൊന്നുകൂടി ഉദ്ധരിച്ചാലും.

ശ്ലോകം 7

യാനി വേദവിദാം ശ്രേഷ്ഠോ

ഭഗവാന്‍ ബാദരായണഃ

അന്യേ ച മുനയഃ സൂത!

പരാവരവിദോ വിദുഃ

വിവര്‍ത്തനം

വേദപാണ്ഡിത്യത്തില്‍ അഗ്രഗണ്യനായിരിയ്ക്കുന്ന അല്ലയോ സുത ഗോസ്വോമീ, അങ്ങ് ഭഗവാന്‍റെ തന്നെ അവതാരമായ വ്യാസദേവനോളം തന്നെ അറിവ് നേടിയിരിയ്ക്കുന്നു. കൂടാതെ മറ്റുള്ള യോഗിവര്യന്മാരെപ്പോലെ തന്നെ അങ്ങയുടെ ഭൌതികവും ഭൌതികേതരവുമായ വിഷയങ്ങളിലുള്ള ജ്ഞാനത്തിന്‍റെ ആഴവും ഞങ്ങള്‍ അറിയുന്നു.

ശ്ലോകം 8
വേത്ഥ ത്വം സൌമ്യ! തത് സര്‍വം
തത്വതസ്തദനുഗ്രഹാത്
ബ്രൂയുഃ സ്നിഗ്ദ്ധസ്യ ശിഷ്യസ്യ
ഗുരവോ ഗുഹ്യമപ്യുത.


വിവര്‍ത്തനം

കൂടാതെ എളിമയും സഹന ശക്തിയും വേണ്ടുവോളമുള്ള അങ്ങയുടെ അദ്യാത്മിക ഗുരുക്കന്മാരെല്ലാം തന്നെ തങ്ങളുടെ പ്രിയ ശിഷ്യന്മാരെ പോലെ എല്ലാം ഭാവുകങ്ങളും സഹായങ്ങളും അങ്ങേയ്ക്കരുളി അനുഗ്രഹിച്ചിരിയ്ക്കുന്നതും ഞങ്ങള്‍ അറിയുന്നു. അതുകൊണ്ടു തന്നെ ശാസ്ത്രീയമായി നേടിയിരിയ്ക്കുന്ന ആ അറിവിന്‍റെ പീയുഷം പകര്‍ന്നു നല്‍കാന്‍ അവിടുത്തേയ്ക്ക് മാത്രമേ സാധിയ്ക്കുകയുള്ളൂ.

ശ്ലോകം 9
തത്ര തത്രാഞ്ജസാऽയുഷ്മന്‍!
ഭവതാ യദ്വിനിശ്ചിതം
പുംസാമേകാന്തതഃ ശ്രേയഃ
തന്നശ്ശംസിതുമര്‍ഹസി

വിവര്‍ത്തനം

അതുകൊണ്ട് വര്‍ഷങ്ങളുടെ അനുഗ്രഹീത പാരമ്പര്യമുള്ള അങ്ങ് ദയവായി ഞങ്ങള്‍ക്ക്, എന്താണ് യാഥാര്‍ത്ഥ്യമെന്നും പരമ സത്യം എന്താണെന്നും എല്ലാ ജീവ സത്തകള്‍ക്കും മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു തന്നാലും.

ശ്ലോകം 10
പ്രായേണാല്പായുഷസ്സഭ്യ!
കലാവസ്മിന്‍ യുഗേ ജനാഃ
മന്ദാസ്സുമന്ദമതയോ
മന്ദഭാഗ്യാഹ്യുപദ്രുതാഃ


വിവര്‍ത്തനം

അല്ലയൊ പണ്ഠിത ശ്രേഷ്ഠാ, ഈ ലോഹായുഗമായ കലിയില്‍ മനുഷ്യരെല്ലാം അല്പായുസ്സുക്കളാണ് . അവര്‍ വഴക്കാളികളും, മടിയന്മാരും, അപചാരികളും, നിര്‍ഭാഗ്യവാന്മാരും, അതിലുപരി മനസ്ചാഞ്ചല്യമുള്ളവരുമാണ് .

ശ്ലോകം 11
ഭൂരീണി ഭൂരി കര്‍മ്മാണി
ശ്രോതവ്യാനി വിഭാഗശഃ
അതസ്സാധോऽത്ര യത് സാരം
സമുദ്ധൃത്യ മനീഷയാ
ബ്രൂഹി നഃ ശ്രദ്ദധാനാനാം
യേനാത്മാ സുപ്രസീദതി
വിവര്‍ത്തനം

വ്യത്യസ്ത നിലവാരങ്ങളിലുള്ള വിവിധ വൈദിക കൃതികള്‍ ഇന്നുണ്ട്, അവയിലോരോന്നിലും വ്യത്യസ്തങ്ങളായ മനുഷ്യോപകാര പ്രധാനമായ കര്‍തവ്യങ്ങള്‍ വ്യക്തമാക്കുന്നുമുണ്ട്, പക്ഷെ അവയൊക്കെ മനസ്സിലാക്കണമെങ്കില്‍ വര്‍ഷങ്ങളുടെ പ്രയത്നം ആവശ്യമാണ് . അതുകൊണ്ട് അല്ലയൊ യോഗിവര്യാ, ഈ മഹത് ഗ്രന്ഥങ്ങളുടെ സത്ത എല്ലാ ജീവസത്തകളുടെയും നന്മയ്ക്കായി അങ്ങ് വിവരിച്ചാലും, അങ്ങനെ അവരുടെ ഹൃദയാഭിലാഷങ്ങളെ പൂര്‍ണതയിലേയ്ക്ക് നയിച്ചാലും.

ശ്ലോകം 12

സൂത! ജാനാസി ഭദ്രം തേ

ഭഗവാന്‍ സാത്വതാം പതിഃ

ദേവക്യാം വസുദേവസ്യ

ജാതോ യസ്യ ചികീര്‍ഷയാ

വിവര്‍ത്തനം

ഓ സൂത ഗോസ്വാമി അങ്ങേയ്ക്ക് ഞങ്ങളുടെ എല്ലാവിധ അനുഗ്രഹങ്ങളും അരുളുന്നു. വസുദേവ പുത്രനായി ദേവകിയുടെ ഗര്‍ഭത്തില്‍ പരമ ദിവ്യോത്തമ പുരുഷനായ ഭഗവാന്‍ എന്തിനു വേണ്ടി അവതരിച്ചു എന്നത് അങ്ങേയ്ക്ക് നന്നായറിയാം.

ശ്ലോകം 13

തന്നഃ ശുശ്രൂഷമാണാനാം

അര്‍ഹസ്യംഗാനുവര്‍ണ്ണിതും

യസ്യാവതാരോ ഭൂതാനാം

ക്ഷേമായ ച ഭവായ ച


വിവര്‍ത്തനം

ഓ സുത ഗോസ്വോമി, പരമ സത്യമായ ഭഗവാനെയും അവിടുത്തെ അവതാരങ്ങളെയും കുറിച്ചറിയുന്നതിന് ഞങ്ങള്‍ വളരെ ഉത്സുകരാണ് . പൂര്‍വികാചാര്യന്മാരില്‍ നിന്ന് അങ്ങേയ്ക്ക് ലഭ്യമായ ആ അറിവ് ഞങ്ങള്‍ക്ക് വേണ്ടി വിവരിച്ചാലും, അത് ശ്രവിച്ചും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കിയും ഓരോ ജീവസത്തയും സ്വയം ഉദ്ധരിയ്ക്കട്ടെ!

ശ്ലോകം 14

ആപന്നസ്സംസൃതീം ഘോരാം

യന്നാമ വിവശോ ഗൃണന്‍

തതസ്സദ്യോ വിമുച്യേത

യദ്‌ ബിഭേതി സ്വയം ഭയം

വിവര്‍ത്തനം

ജനിമൃതികളാകുന്ന ചങ്ങലയ്ക്കുള്ളിലകപ്പെട്ട് നട്ടം തിരിയുന്ന പതിതാത്മാക്കള്‍ പോലും അറിഞ്ഞോ അറിയാതെയോ ഭഗവാന്‍ കൃഷണന്‍റെ നാമം ഉരുവിട്ടാല്‍ തന്നെ അവയില്‍ നിന്നെല്ലാം മുക്തരാകുന്നു, അത് ഭയാവതാരിയായ ഭയത്തിനെ പ്പൊലും പേടിപ്പെടുത്തുന്നു.

ശ്ലോകം 15

യത് പാദസംശ്രയാഃ സൂത!

മുനയഃ പ്രശമായനാഃ

സദ്യഃ പുനന്ത്യുപസ്പൃഷ്ടാഃ

സ്വര്‍ധുന്യാപോऽനുസേവയാ.


വിവര്‍ത്തനം

ഓ സുത, പല ആവൃത്തി ഉപയോഗിച്ചതിനുശേഷവും പവിത്രീകരിയ്ക്കുന്ന ഗംഗാജലം പോലെ ഭഗവദ് പാദാരവിന്ദങ്ങളില്‍ പൂര്‍ണ്ണമായും അഭയം പ്രാപിച്ച അത്തരം മാമുനിമാരുമായുള്ള സത്സംഗം തന്നെ നമുക്ക് വളരെയധികം പുണ്യം നേടിത്തരുന്നു.

ശ്ലോകം 16
കോ വാ ഭഗവതസ്തസ്യ
പുണ്യശ്ലോകേഡ്യകര്‍മ്മണഃ
ശുദ്ധികാമോ ന ശ്രൃണുയാദ്
യശഃ കലിമലാപഹം
വിവര്‍ത്തനം
ഈ ഭവ സാഗരമാകുന്ന കലിയുഗത്തില്‍ നിന്നും മുക്തിയാഗ്രഹിയ്ക്കാത്ത ആരാണിവിടുള്ളത്? നന്മ നിറഞ്ഞ ഭഗവാന്‍റെ ചെയ്തികള്‍ കേള്‍ക്കാനിഷ്ടമല്ലാത്ത ഏതു പതിതാത്മാവാണുള്ളത്?
ശ്ലോകം 17
തസ്യ കര്‍മ്മാണ്യുദാരാണി
പരിഗീതാനി സൂരിഭിഃ
ബ്രൂഹി നഃ ശ്രദ്ദധാനാനാം
ലീലയാ ദധതഃ കലാഃ

വിവര്‍ത്തനം
അവിടുത്തെ അദ്ധ്യാത്മിക പ്രവൃത്തികളെല്ലാം തന്നെ ബൌദ്ധികവും നന്മയാല്‍ പ്രചോദിതവുമാണ് കൂടാതെ പണ്ഠിത ശ്രേഷ്ഠന്മാരായ മാമുനികളില്‍ അഗ്രഗണ്യനായ നാരദര്‍ അത് പാടി നടക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദയവായി അങ്ങ് വിവിധാനങ്ങളായ അവതാരങ്ങളിലൂടെ അദ്ദേഹം നടമാടിയ ആ സാഹസിക പ്രവൃത്തികള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും.
ശ്ലോകം 18
അഥാऽഖ്യാഹി ഹരേര്‍ദ്ധീമന്!
അവതാരകഥാഃ ശുഭാഃ
ലീലാ വിദധതഃ സ്വൈരം
ഈശ്വരസ്യാത്മമായയാ
വിവര്‍ത്തനം
അല്ലയോ സുത പണ്ഠിതരേ, പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ തന്‍റെ വിവിധങ്ങളായ അവതാരങ്ങളിലൂടെ നടമാടിയ പൂര്‍വ്വ ലീലാവിലാസങ്ങളെ ഞങ്ങള്‍ക്ക് വിവരിച്ചു തന്നാലും. പരമ നിയന്താവായ അദ്ദേഹം തന്‍റെ ചിത് ശക്തിയാല്‍(ആന്തരിക ശക്തിയാല്‍) നടമാടിയ ആ പുണ്യ സാഹസിക പ്രവൃത്തികളെക്കുറിച്ച് ഞങ്ങള്‍ക്ക് ദയവായി പറഞ്ഞു തന്നാലും.
ശ്ലോകം 19
വയം തു ന വിതൃപ്യാമ
ഉത്തമശ്ലോകവിക്രമേ
യച്ഛൃണ്വതാം രസജ്ഞാനാം
സ്വാദുസ്വാദു പദേ പദേ
വിവര്‍ത്തനം
പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍റെ ആദ്യാത്മിക ലീലകള്‍ മന്ത്രങ്ങളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും പാടിപുകഴ്ത്തുന്നതു കേള്‍ക്കുമ്പോള്‍ ഞങ്ങളോരിയ്ക്കലും തളരാറില്ല. അദ്ദേഹവുമായുള്ള അദ്ധ്യാത്മിക ബന്ധത്തിന്‍റെ രുചിയറിഞ്ഞ യാതൊരാളും ആ ദിവ്യ ലീലകള്‍ കേള്‍ക്കുമ്പോള്‍ ശ്രേഷ്ഠമായ മറ്റൊരുത്കൃഷ്ടാനന്ദം കണ്ടെത്തുകയാണ് ചെയ്യുന്നത്.
ശ്ലോകം 20
കൃതവാന്‍ കില കര്‍മണി
സഹ രാമേണ കേശവഃ
അതിമര്‍ത്ത്യാനി ഭഗവാന്
‍ഗൂഢഃ കപടമാനുഷഃ

വിവര്‍ത്തനം
പരമ ദിവ്യോത്തമ പുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണനും ഒപ്പം ബലരാമനും ചേര്‍ന്നു മാനുഷിക തലത്തില്‍ കളിച്ചു നടന്നു, എന്നിരുന്നാലും മറ്റുള്ളവരെ വിഭ്രാന്തിയിലാക്കുന്ന മൂടുപട മണിഞ്ഞ് പല അമാനുഷിക പ്രവൃത്തികളും അവര്‍ നടത്തിയിരിയ്ക്കുന്നു എന്നതും ഞങ്ങളറിയുന്നു.
ശ്ലോകം 21
കലിമാഗതമാജ്ഞായ
ക്ഷേത്രേऽസ്മിന്‍ വൈഷ്ണവേ വയം
ആസീനാഃ ദീര്‍ഘസത്രേണ
കഥായാം സക്ഷണാ ഹരേഃ

വിവര്‍ത്തനം

കലിയുടെ പ്രഭാവം തുടങ്ങിയിരിയ്ക്കുന്നു എന്നറിഞ്ഞു കോണ്ട് തന്നെയാണ് നാമിവിടെ ഈ പുണ്യ ഭൂമിയില്‍ പ്രധാനമായും സന്നിഹിതരായത് കൂടാതെ ഭഗവാന്‍റെ ആത്മീയ ഉപദേശങ്ങളെ ശ്രവിച്ച് നമുക്ക് യാഗപ്രക്രിയകള്‍ അനുഷ്ഠിയ്ക്കാം.

ശ്ലോകം 22
ത്വം നസ്സന്ദര്‍ശിതോ ധാത്രാ
ദുസ്തരം നിസ്തിതീര്‍ഷതാം
കലിം സത്വഹരം പുംസാം
കര്‍ണ്ണധാര ഇവാര്‍ണ്ണവം
വിവര്‍ത്തനം

ഞങ്ങളൊരുപക്ഷേ അങ്ങയെ കണ്ടുമുട്ടിയത് പരമ പിതാവായ ഭഗവാന്‍റെ ഇച്ഛ ഒന്നു കൊണ്ടു മാത്രമാകാം, അതുകൊണ്ട് മാത്രമാകാം ഞങ്ങളവിടുത്തെ കലിസന്ധരണത്തിനുള്ള വഴികള്‍ തേടുന്ന എല്ലവരും ഉള്‍ക്കൊള്ളുന്ന ഈ കപ്പലിന്‍റെ കപ്പിത്താനാകാന്‍ ക്ഷണിച്ചതും. ഈ കലി ഓരൊ നിമിഷവും മനുഷ്യ വര്‍ഗ്ഗത്തിന്‍റെ നന്മയെ അലിയിച്ചില്ലാതാക്കുകയാണ്.

ശ്ലോകം 23
ബ്രൂഹി യോഗേശ്വരേ കൃഷ്ണേ
ബ്രഹ്മണ്യേ ധര്‍മ്മവര്‍മ്മണി
സ്വാം കാഷ്ഠാമധുനോപേതേ
ധര്‍മ്മഃ കം ശരണം ഗതഃ
വിവര്‍ത്തനം

പരമസത്യവും, സര്‍വ്വ അമാനുഷിക ഊര്‍ജ്ജങ്ങളുടെ ഉറവിടവുമായ ഭഗവാന്‍ ശ്രീ കൃഷ്ണന് ഇവിടം വിട്ട് തന്‍റെ പരമമായ ധാമത്തിലേയ്ക്ക് യാത്രയായിരിയ്ക്കുന്നു. ആയതിനാല്‍ ആരിലാണ് മത ധര്‍മ്മങ്ങളെല്ലാം പോയി അഭയം പ്രാപിച്ചിരിയ്ക്കുന്നതെന്ന് ദയവായി അങ്ങ് ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും.

ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്‍റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം ഒന്നിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു.