Wednesday, April 11, 2007

ദിവ്യദേശങ്ങള്‍ - 4. തൃക്കാക്കര

തൃക്കാക്കര എന്ന ഈദിവ്യദേശം കേരളത്തില്‍ എറണാകുളം ജില്ലയില്‍ നിന്ന് കുറച്ച് കിലോമീറ്ററുകളകലെയുള്ള ഇടപ്പള്ളിയ്ക്കടുത്തായി കാണപ്പെടുന്നു. ആലുവ തൃശ്ശുര്‍ റെയില്‍വേ റൂട്ടില്‍ ഇരിഞ്ഞാലക്കുട സ്റ്റേഷനില്‍ നിന്നും പതിന്നാലു കിലോമീറ്റര്‍ വടക്കായിട്ടാണ് ഭഗവാന്‍റെ ഈ ദിവ്യ കേളീ രംഗം സ്ഥിതി ചെയ്യുന്നത്. അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 9 മൈല്‍ വടക്ക് കിഴക്ക് സഞ്ചരിച്ചും ഇവിടെ എത്താവുന്നതാണ്. ഇവിടെയും താമസ സൌകര്യങ്ങള്‍ വളരെ കുറവാണ് പക്ഷെ എറണാകുളം സിറ്റി ഇവിടെ നിന്നും വളരെ അടുത്തായതിനാല്‍ താമസം വലിയ പ്രശ്നങ്ങളുണ്ടാക്കുന്നില്ല.

ഇവിടുത്തെ സ്ഥലപ്പെരുമാളായ കാക്കര അപ്പനെ ഭക്തര്‍ വാമന മൂര്‍ത്തിയുടെ ഹംസമായാണ് കരുതുന്നത്. ഓണ നാളുകളിലാണിവിടെ വലിയ ഉത്സവം നടക്കുന്നത്. വാമന- ത്രിവിക്രമ ലീലകള്‍ പേറുന്ന ഈ ധാമം വളരെ പ്രശസ്തമാണ് . ആകാശം മുട്ടെ വളര്‍ന്ന ത്രിവിക്രമ രൂപവും അതിലൂടെ മഹാബലി ചക്രവര്‍ത്തിയുടെ ശിരസ്സില്‍ തന്‍റെ പാദങ്ങള്‍ പതിച്ച് ഇരുപത്തിനാല് നരകലോകങ്ങളിലൊന്നായ സുതള ലോകത്തേയ്ക്ക് പറഞ്ഞയച്ച വാമന മൂര്‍ത്തി ഭക്തരുടെ ഇച്ഛകള്‍ തന്‍റെ അവതാരങ്ങളിലൂടെ നിറവേറ്റുകയാണ് ചെയ്യുന്നത്.
നേന്ത്രക്കായയ്ക്ക് പേരുകേട്ട സ്ഥലമാണല്ലോ കേരളം. എന്നാല്‍ ഈ നേന്ത്രക്കായയ്ക്ക് തൃക്കാക്കര അപ്പനുമായി ഒരു അടുത്ത ബന്ധമുണ്ട്. ഒരിയ്ക്കല്‍ കാക്കര അപ്പന്‍റെ ഭക്തന് ഒരു വലിയ വാഴത്തോട്ടമുണ്ടായിരുന്നു. ആ തോട്ടം നിറയെ വിവിധ തരം വാഴകളുണ്ടായിരുന്നു എങ്കിലും ഒരെണ്ണം പോലും കുലയ്ക്കുകയോ എന്തെങ്കിലും കായ്ഫലം നല്‍കുകയോ ചെയ്തില്ല. അതിനാല്‍ അദ്ദേഹം വളരെ ചിന്താമഗ്നനായി കാണപ്പെട്ടു. താനെന്തു ചെയ്തിട്ടും വാഴകള്‍ കുല നല്‍കാത്തതില് അദ്ദേഹം വളരെ വേദനിച്ചു. അങ്ങനെ ചിന്തിയ്ക്കുന്നതിനിടയില്‍ ഒരു ദിവസം അദ്ദേഹത്തിനു തോന്നി താന്‍ ചെയ്തു പോയ ഏതോ പാപ ഭാരത്തിന്‍റെ ഫലമായാകാം വാഴകള്‍ തനിയ്ക്ക് കായ് ഫലം നല്‍കാത്തത്. അങ്ങനെ ചിന്തിച്ച് അദ്ദേഹം‍ ഭഗവാന് എന്തെങ്കിലും വ്യത്യസ്ത മായത് സമര്‍പ്പിയ്ക്കണമെന്ന് ചിന്തിച്ചു നടന്നു. അങ്ങനെ അദ്ദേഹം സ്വര്‍ണ്ണത്തിലൊരു വ്യത്യസ്തമായ വാഴക്കായുണ്ടാക്കി ഭഗവാന് നിവേദിച്ചു, അതിലൂടെ ഭഗവാന്‍റെ ദൃഷ്ടി തന്‍റെ വഴത്തോട്ടത്തില്‍ പതിയ്ക്കുകയും തോട്ടത്തില്‍ നിന്ന് നല്ല വിളവ് അദ്ദേഹത്തിന് ലഭിയ്ക്കാനും തുടങ്ങിയെന്നു മാത്രവുമല്ല ആ തോട്ടത്തില്‍ വിളയുന്ന കായകള്‍ക്കൊക്കെ താന്‍ ഭഗവാന് സമര്‍പ്പിച്ച സ്വര്‍ണ്ണ കനിപോലെ വലിപ്പവും കൂടുതലായിരുന്നു. അങ്ങനെ ഭഗവന്‍റെ നേത്രം പതിഞ്ഞുണ്ടായ ആ വലിപ്പ കൂടുതലുള്ള പഴത്തിന് നേത്രം പഴം എന്ന് പേരുവരുകയും ചെയ്തു. അതാണ് പില്‍ക്കാലത്ത് നേന്ത്രക്കായ് ആയി മാറിയത്.

ഒരിയ്ക്കല്‍ ഈ സ്വര്‍ണ്ണകനി ശ്രീകോവിലില്‍ നിന്ന് കളവു പോവുകയും വിവരം രാജകോട്ടാരത്തിലറിയിയ്ക്കുകയും ചെയ്തു. ഇതുകേട്ട രാജാവ് ആ കളവ് അമ്പലത്തിലെ സ്ഥിര സന്ദര്‍ശകനായ സ്വര്‍ണ്ണക്കായെക്കുറിച്ച് യാതൊന്നുമറിയാത്ത ഒരു യോഗിയില്‍ കെട്ടിവച്ചു. യോഗിയെ രാജാവ് ശിക്ഷിയ്ക്കുകയും വളരെ മോശമായ രീതിയില്‍ അദ്ദേഹത്തോട് പെരുമാറുകയും ചെയ്തു. എന്നാല്‍ കുറച്ചു ദിവസത്തിനു ശേഷം അതേ പഴം മൂലവിഗ്രഹ സന്നിധിയായ ഗര്‍ഭഗൃഹത്തില്‍ നിന്നു കണ്ടെടുത്തു.ഇതറിഞ്ഞ യോഗി വളരെയധികം രോഷാകുലനായി തന്‍റെ ചീത്ത സമയം കൊണ്ടാണ് താന്‍ കള്ളനെന്നറിയപ്പെട്ടതെന്ന് സ്വയം ശപിച്ച് ആത്മഹത്യ ചെയ്തു. പക്ഷെ അദ്ദേഹത്തിന്‍റെ ആത്മാവ് അവിടം വിട്ട് പോകാതെ ഒരു ബ്രഹ്മ രക്ഷസായി മാറി അവിടെയെല്ലാം അലഞ്ഞു നടന്നു.

ഒടുവില്‍ ബ്രഹ്മ രക്ഷസ്സായ യോഗിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു മുളകൊണ്ടുള്ള മേല്‍ക്കൂര പണിത് അതില്‍ അഗ്നിയെ ജ്ജ്വലിപ്പിച്ചു. മുളയില്‍ തെളിഞ്ഞു കത്തിയ ജ്ജ്വലയില്‍ നിന്ന് യോഗിയുടെ ശാപത്തെ ആട്ടിപ്പായിച്ചു.ആ സ്ഥലത്ത് ഇപ്പോളൊരു ക്ഷേത്രം പണികഴിപ്പിയ്ക്കുകയും ദിവസവും പൂജകള്‍ ചെയ്ത് യോഗിയെ നിത്യവും ശാന്തനാക്കാറുണ്ട്.

കര്ദ്ദമ മഹര്‍ഷിയുടെയും ദേവഹുതിയുടെയും പുത്രനായ കപില മുനിയ്ക്ക് കാക്കര അപ്പനിവിടെ ദര്‍ശനം നല്‍കിയിട്ടുണ്ട്. കപിലമുനി വിഷ്ണു വാഹനമായ ഗരുഢന്‍റെ അവതാരമെന്നും പറയുന്നുണ്ട്. കപിലമുനി തന്‍റെ മാതാവായ ദേവഹുതിയ്ക്ക് നല്‍കിയ ഉപദേശങ്ങള്‍ ഇന്നും പ്രശസ്തമാണ്.സാമൂതിരി രാജാവും കപിലമുനിയ്ക്ക് തന്‍റെ ദൈനംദിന തപസ്യകള് ചെയ്യുന്നതിനുള്ള സ്ഥലം ഇവിടെ അനുവദിച്ചിരുന്നു.

ഒരിയ്ക്കല്‍ ഇന്ദ്രന്‍ സകാരന്മാരുടെ കുതിരകളെ തട്ടിയെടുക്കുകയും കപില മുനിയുടെ പര്‍ണ്ണശാലയ്ക്ക് പിന്നില്‍ കെട്ടിയിടുകയും ചെയ്തു. കപില മുനിയാണ് തങ്ങളുടെ അശ്വങ്ങളെ തട്ടിയെടുത്തതെന്ന് കരുതിയ സകാരന്മാര്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനാരംഭിച്ചു. എന്നാലിത് കേട്ട കപിലമുനി സകാരന്മാരെ തന്‍റെ അഗ്നി ദ്യുതിയ്ക്കുന്ന കണ്ണുകളാല് നോക്കി ഭസ്മമാക്കി കളഞ്ഞു.
അതിനുശേഷം,ഭഗീരഥന് ശ്രീ രുദ്രനില്‍ നിന്ന് ഗംഗാജലം ലഭിയ്ക്കുകയും സകാരന്മാരുടെ ചാരത്തില്‍ തളിയ്ക്കുകയും അങ്ങനെ അവര്‍ക്ക് മുക്തി ലഭിയ്ക്കുകയും ചെയ്തു. അത്രയ്ക്ക് കേമനായ കപിലമുനിയ്ക്കും കാക്കര അപ്പന്‍ ദര്‍ശനം നല്‍കിയിരിയ്ക്കുന്നതും ഇവിടെയാണ് . പരിപാവനമായ കപില തീര്‍ത്ഥവും ഇവിടുത്തെ പ്രത്യേകതയാണ് കാരണം മഹബലി ചക്രവര്‍ത്തി ഈ തീര്‍ത്ഥത്തില്‍ നിന്ന് ജലം എടുത്തിട്ടാണ് വാമനമൂര്‍ത്തിയുടെ ആഗ്രഹ പ്രകാരമുള്ള ഭൂദാനം നടത്തുന്നത്.

ഇവിടുത്തെ മൂല പ്രതിഷ്ഠയായ കാക്കര അപ്പന്‍ നിന്ന തിരുക്കോലത്തില് ദക്ഷിണദിക്കിലേയ്ക്കാണ് ദര്‍ശനമരുളുന്നത്. ലക്ഷ്മീ ദേവിയിവിടെ പേരുംസെല്‍വ നായകിയെന്നും, വാത്സല്യവല്ലിയെന്നും അറിയപ്പെടുന്നു. മംഗളശാസനമായി നമ്മാള്‍വാര്‍ 10 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.. ഇവിടുത്തെ പുഷ്കരണി കപില തീര്‍ത്ഥവും വിമാനം പുഷ്കലയുമാണ് . വൃത്താകൃതിയുള്ള ഈവിടുത്തെ വിമാനവും വളരെ ശ്രദ്ദേയമാണ്.

പത്താം നൂറ്റാണ്ടില്‍ ഭാസ്കര രവിവര്‍മ്മയുടെ കാലഘട്ടത്തില്‍ ചേര രാജാവായ കുലശേഖര വര്‍മ്മയില്‍ നിന്നും ഈ ധാമത്തിന് വേണ്ട ദാന ധര്‍മ്മങ്ങള്‍ ലഭിച്ചിരുന്നു എന്ന് ശിലാശാസനങ്ങളില്‍ നിന്നും മനസ്സിലാകുന്നുണ്ട്.












1 comment:

എന്‍റെ ഗുരുനാഥന്‍ said...

തൃക്കാക്കര എന്ന ഈദിവ്യദേശം കേരളത്തില്‍ എറണാകുളം ജില്ലയില്‍ നിന്ന് കുറച്ച് കിലോമീറ്ററുകളകലെയുള്ള ഇടപ്പള്ളിയ്ക്കടുത്തായി കാണപ്പെടുന്നു. ആലുവ തൃശ്ശുര്‍ റെയില്‍വേ റൂട്ടില്‍ ഇരിഞ്ഞാലക്കുട സ്റ്റേഷനില്‍ നിന്നും പതിന്നാലു കിലോമീറ്റര്‍ വടക്കായിട്ടാണ് ഭഗവാന്‍റെ ഈ ദിവ്യ കേളീ രംഗം സ്ഥിതി ചെയ്യുന്നത്.