Monday, March 26, 2007

ചര്‍വ്വിത ചര്‍വ്വണം:3.ജ്ഞാന പന്ഥാവ്

തനിയെയിരിയ്ക്കുമ്പോള്‍ വെറുതെ ചിന്തിയ്ക്കാന്‍ കുറച്ചു കാര്യങ്ങളിവിടെ രേഖപ്പെടുത്തുകയാണ് . നിങ്ങളും ചിന്തിയ്ക്കൂ!!!

ഒരുവിഷയം ആധികാരികമായി ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ നാം അറിഞ്ഞിരിയ്ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വാദമുഖം ജ്ഞാനത്തിന്‍റെ ആധാര ശിലയെ ഉറപ്പിയ്ക്കലാണ് അല്ലെങ്കില്‍ ആ ഉറവിടത്തെ കണ്ടെത്തലാണ്. അങ്ങനെയാണെങ്കില്‍ മാത്രമേ ആ അറിവിനെ നമുക്ക് വേണ്ടയിടത്ത് പ്രയോജനപ്പെടുത്തുന്നതിനും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നതിനും സാധിയ്ക്കുകയുള്ളൂ, അല്ലെങ്കില്‍ അവയോക്കെ വെറും സംശയങ്ങളായി അവശേഷിയ്ക്കുകയേയുള്ളൂ. ജീവഗോസ്വോമി തന്‍റെ സത്-സന്ദര്‍ഭ എന്ന ഗ്രന്ഥത്തില്‍ ജ്ഞാനാര്‍ജ്ജനത്തിനുള്ള പത്ത് വ്യത്യസ്തങ്ങളായ വഴികള്‍ ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്: പരമ്പരയായി കൈമാറികിട്ടുന്നത്, ചരിത്രത്തില്‍ നിന്ന് ലഭിയ്ക്കുന്നത്, ഊഹങ്ങളില്‍ നിന്ന് മെനഞ്ഞെടുക്കുന്നത്, താരതമ്യത്തിലൂടെ ലഭിയ്ക്കുന്നത്, സാധ്യതകളില്‍ നിന്നുളവാകുന്നത്, യുക്തിയിലൂടെ ഉരുത്തിരിയുന്നത് എന്നിങ്ങനെ.


ഇവയെല്ലാം കൂടി നമുക്ക് താഴെപ്പറയുന്ന മൂന്ന് രീതികളില്‍ സംക്ഷേപിയ്ക്കാം:

പ്രത്യക്ഷം: പഞ്ചേന്ദ്രിയങ്ങളിലൂടെ നേരിട്ട് നേടുന്ന അറിവുകളെയാണ് ഈ വിഭാഗത്തിലുള്‍പ്പെടുത്തിയിരിയ്ക്കുന്നത്.

അനുമാനം: മനസ്സിന്‍റെ അനുമാനങ്ങളിലൂടെ നാം എത്തിച്ചേരുന്ന നിഗമനങ്ങളുള്‍ക്കൊള്ളുന്ന അറിവ്. അനു എന്നാല്‍ പിന്തുടരുക എന്നും മാനം എന്നാല്‍ മനസ്സ് എന്നുമാണര്‍ത്ഥം.

ശബ്ദം: ആധികാരികമായ പ്രമാണങ്ങളില്‍ നിന്ന് (ശബ്ദപ്രമാണങ്ങളിലൂടെ) ലഭിയ്ക്കുന്നവ.

വൈദികമാനങ്ങളുടെ അടിസ്ഥാനത്തില്‍:ഭൌതിക ലോകത്തിന് ലഭിച്ചിട്ടുള്ള ലഘുഗ്രന്ഥമാണ്(ലഘുലേഖകള്‍) വേദങ്ങള്‍. സൃഷ്ടികര്‍ത്താവിന് തന്‍റെ സൃഷ്ടിയെക്കുറിച്ച് നന്നായറിയാം, അതുകൊണ്ട് തന്നെ പ്രേരകമായ(സ്വപ്രയത്നത്താലുളവാകുന്നത്)അല്ലെങ്കില് അനുമേയമായ(പരമ്പരയായി തുടര്‍ന്നു വരുന്ന) ജ്ഞാനത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അതു ശ്രവണത്തിലൂടെ സ്വീകരിയ്ക്കുന്നത് നല്ലതു തന്നെ പക്ഷെ അവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആ ജ്ഞാനം വരുന്നവഴിയാണ് അല്ലെങ്കില്‍ പരമ്പരയെയാണ് .നമുക്ക് പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ആചാര്യവപുക്കള്‍ കൈമാറിയ അതേ ജ്ഞാനത്തില്‍ തന്നെ എത്തിച്ചേരാന്‍ സാധിയ്ക്കും എന്നാല്‍ അതിനെടുക്കുന്ന സമയം വളരെ വലുതാണ് . ആയതിനാല്‍ സമയലാഭത്തിനായി നമുക്ക് ഇത്തരം ശരിയായിട്ടുള്ള പരമ്പരയില്‍ വരുന്ന അചാര്യന്മാരെ ജ്ഞാനാര്‍ജ്ജനത്തിനായി സമീപിയ്ക്കാവുന്നതാണ് .വൈദികജ്ഞാനം അപൌരുഷേയം എന്നാണറിയപ്പെടുന്നത് അതായത് മാനുഷിക തലത്തിനും അപ്പുറം സ്ഥിതിചെയ്യുന്നത്. കൂടാതെ വേദങ്ങളെ പ്രത്യക്ഷ പ്രമാണങ്ങളായാണ് സ്വീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നതും.


5 comments:

എന്‍റെ ഗുരുനാഥന്‍ said...

വൈദിക ജ്ഞാനം എങ്ങനെയൊക്കെ സ്വീകരിയ്ക്കാം?

Leaves of Mind said...

ആമുഖം നന്ന്. ഇതില്‍ നിന്ന് ഉരുത്തിരിയുന്ന വേറൊന്നുണ്ട്‌. സര്‍വ്വസാധാരണക്കാരായ മനുഷ്യര്‍ക്കുണ്ടാകുന്ന ഒരുതരം അറിവ്‌. ഉദ്ധൃതജ്ഞാനം എന്ന് വേണമെങ്കില്‍ പറയാം. knowledge of sustainable education. നായക്കതുണ്ട്‌. വയറ്റുവേദന വന്നാല്‍ പുല്ല്ലു തിന്നും. എട്ടുകാലിക്കുണ്ട്‌. അതുകൊണ്ടാണു അതു വല കെട്ടുന്നതു. ആന്‍ഡമാന്‍സിലെ ആദിവാസികള്‍ക്കുണ്ട്‌. അവര്‍ സുനാമിയില്‍ നിന്ന് രക്ഷപ്പെട്ടു. പക്ഷെ, പരിഷ്കാരികളായ നമുക്കത്‌ വളരെക്കുറവാണു. അതു കൊണ്ട്‌ നാം ആത്മഹത്യ ചെയ്യുന്നു.....

എന്‍റെ ഗുരുനാഥന്‍ said...

അതിനെ നമുക്ക് മുജ്ജന്മ സുഹൃതം എന്നും പറഞ്ഞു കൂടേ...??

അപ്പു ആദ്യാക്ഷരി said...

ഗുരുനാഥാ... നന്നായിരിക്കുന്നു. സായന്തനം എന്ന കവിതയും ഇഷ്ടമായി. ഇനിയും എഴുതുക.

എന്‍റെ ഗുരുനാഥന്‍ said...

നന്ദി അപ്പുവേട്ടാ.....