Wednesday, March 21, 2007

കൃഷ്ണ സ്തുതി

(1)
പുകള്‍പെറ്റ നിന്‍ നാമങ്ങളോതുവാനടിയന്
തിരുനാമങ്ങളരുളണെ ലക്ഷ്മീ പതേ!
ആനന്ദ ദായകാ ആപല്‍ബാന്ധവാ
അര്‍ത്ഥാദികളെല്ലാമേകുവോനേ
കാളീയ മര്‍ദ്ദകാ ദയാപരാ കൃഷ്ണാ
അഭയം ഞങ്ങള്‍ക്കു നല്‍കുവോനേ
വൃന്ദാവനചാരീ ഭക്തപ്രിയാ നീ
ജന്മാദി മുക്തികള്‍ നല്‍കുവോനേ
ഈരേഴുലകിന്നും ഏകനാഥാ കൃഷ്ണാ
ധരണിയെ കൈക്കുമ്പിളിലേറ്റിയോനേ
നാഗശയനാ നീ കാത്തരുളേണമീ
പതിതനെ കൂടെയെന്‍ വസുദേവ സൂനു!!

(2)
ദേവകീ നന്ദനാ വന്ദനം നിനക്ക്
പരം പൊരുളേ നീ കാത്തീടണേ
വൃഷ്ണികുലത്തിന്‍ നായകാ വന്ദനം
ലോകപാലാ നീ കാത്തീടണേ
തരള തനു മേഘവര്‍ണ്ണാങ്കിത ശോഭയാല്‍
ചന്ദ്രക്കലയ്ക്കിന്ന് നീലിമ ഛായയായ്
മുകുന്ദാ മുരാരി വന്ദനം നിനക്കു
ധരണിയിന്‍ ദുരിതങ്ങളകറ്റുവോനേ
ഗോപപാലാ നീ കാളിന്ദീ രക്ഷകന്‍
അര്‍പ്പിയ്ക്കുന്നൂ മമ വന്ദനം മത്സഖേ!


(3)
മുകുന്ദാ നമിയ്ക്കുന്നു നിന്മുന്നിലെന്‍ ശിരസ്സു
എന്നുള്ളിലേറിടും ആഗ്രഹനിവൃത്തിയ്ക്കായ് കേണീടുന്നു
ജന്മാന്തരങ്ങളില്‍ നിന്‍ പുകള്‍ പാടിപുകഴ്ത്തുവാന്‍
നിന്‍ കാലടികളെന്നുമീ ഉള്ളത്തില്‍ വാഴ്ന്നിടേണം

(4)
ഭൌതിക ദ്വന്ദ്വങ്ങളില്‍ നിന്നു മുക്തി വേണ്ടെനിയ്ക്കിന്ന്
കുംഭീപാകത്തില്‍ നിന്നേറിടേണ്ട
അര്‍ത്ഥനയാണെന്‍റെ നാഥാ നിന്‍ മുന്നില്‍
ഇന്ദ്ര സദസ്സിലെ സുന്ദരാംഗികളെ പ്രാപിയ്ക്കാനല്ലിത്
ആ പാദപദ്മങ്ങളെ പുല്‍കി ഞാനര്‍ത്ഥിയ്ക്കുന്നു
തവ പാദപദ്മങ്ങളാണിന്നെന്‍റെ ലക്ഷ്യം
ജന്മങ്ങളോരോന്നിലും നിന്‍ പാദ സ്മരണ
അകതാരിലേകണേ തമ്പുരാനേ!


(5)
ധര്മ്മാര്ത്ഥങ്ങളിലൊന്നും മോഹമില്ലെനിയ്ക്കിന്ന്
ഇന്ദ്രിയാസ്വാദനത്തിലും ലവലേശമില്ല മോഹം
കര്‍മ്മ ഫലങ്ങളെ ത്യജിയ്ക്കാനാളല്ല ഞാന്‍
കര്‍മ്മങ്ങളോരോന്നു വന്നുപോട്ടെ!!
അവിടുത്തെ പാദങ്ങളെ സേവിയ്ക്കാനൊരുവേള
അതുമാത്രമാണിന്നെന്‍റെ ലക്ഷ്യം
മാലിന്യമില്ലാത്ത നിന്‍ പാദസേവ

(6)
നരകാസുര ഹാരിണി ഭഗവാനേ അങ്ങ്
അഗതിയാം അടിയന്‍റെ അര്‍ത്ഥന കേട്ടിടേണം
ഉപദേവന്മാരോടൊപ്പം ഞാന്‍ വാണെന്നാകിലും
മനുഷ്യകുലത്തില്‍ വീണ്ടുമിരുന്നെന്നാകിലും
നരക ലോകങ്ങളിലേതില് ഞാന്‍ പോകിലും അത്-
അവിടുത്തെയിശ്ചയായ് ഞാന്‍ കരുതും
അടിയെന്‍റെ പ്രാര്‍ത്ഥനയൊന്നു മാത്രം
ശരത്കാല കുസുമങ്ങളോടൊക്കുന്ന
ആ പാദപദ്മങ്ങളെന്നുള്ളത്തിലേകണേ
ദേവാ നീ എന്നുമെന്നും

2 comments:

എന്‍റെ ഗുരുനാഥന്‍ said...

തരള തനു മേഘവര്‍ണ്ണാങ്കിത ശോഭയാല്‍
ചന്ദ്രക്കലയ്ക്കിന്ന് നീലിമ ഛായയായ്

എന്‍റെ ഗുരുനാഥന്‍ said...

ഭൌതിക ദ്വന്ദ്വങ്ങളില്‍ നിന്നു മുക്തി വേണ്ടെനിയ്ക്കിന്ന്
കുംഭീപാകത്തില്‍ നിന്നേറിടേണ്ട