Sunday, March 25, 2007

ചര്‍വ്വിത ചര്‍വ്വണം:2.പരമ സത്യം‍‍-ഒരന്വേഷണം

തനിയെയിരിയ്ക്കുമ്പോള്‍ വെറുതെ ചിന്തിയ്ക്കാന്‍ കുറച്ചു കാര്യങ്ങളിവിടെ രേഖപ്പെടുത്തുകയാണ് . നിങ്ങളും ചിന്തിയ്ക്കൂ!!!

1.പരമ സത്യത്തെ മനസ്സിലാക്കുന്നതിനുള്ള സൂചനകള്‍ എന്തൊക്കെയാണ്? അല്ലെങ്കില്‍ അതിന്‍റെ ആവശ്യകത എന്താണ്? ഭഗവദ് ഗീതയില്‍ കൃഷ്ണന്‍ പറയുന്നു:‘പരമസത്യത്തെ തേടിയുള്ള തത്വികമായ അന്വേഷണം” അത് പണ്ഡിത ലക്ഷണങ്ങളിലൊന്നാണ്(ഭ.ഗീ:13:12). ബ്രഹ്മ ജിജ്ഞാസ അല്ലെങ്കില്‍ പരമ സത്യത്തെ തേടിയുള്ള അന്വേഷണം ഒരുവനെ ഈശ്വരനിലേയ്ക്ക് നയിയ്ക്കുന്നു എന്നും പക്ഷെ അത് ബഹൂനാം ജന്മനാം അന്തെ, പല ജന്മങ്ങള്‍ക്കുശേഷം ആയിരിയ്ക്കാമെന്നും ഗീത പറയുന്നുണ്ട്.

2.താത്കാലികമായ ഭൌതിക വസ്തുക്കളില്‍ നിന്നും കരഗത മാകുന്ന ആനന്ദം കേവലം നൈമിഷികം മാത്രമാകുന്നു, എന്നാല്‍ പരമ സത്യത്തില്‍ നിന്നുളവാകുന്ന ആനന്ദം സ്ഥായിയാണ് . നാം ആരാണെന്ന് മനസ്സില്ലാക്കാത്തിടത്തോളം അല്ലെങ്കില്‍ എന്താണിവിടെ നടക്കുന്നതെന്നറിയാത്തിടത്തോളം നമുക്ക് സംതൃപ്തി എന്നത് കിട്ടാക്കനിയാവുകയും ബദ്ധതയില്പ്പെട്ട് നട്ടം തിരിയേണ്ടതായും വരുന്നു. എല്ലാവരും പ്രയത്നിയ്ക്കുന്നത് പൂര്‍ണ്ണത കൈവരിയ്ക്കുവാനാണ് അല്ലെങ്കില്‍ അവിടേയ്ക്ക് എത്തിച്ചേരുവാനാണ്. ആത്മീയ ലോകത്തുള്ള ജീവിതമാണ് പരിപൂര്‍ണ്ണതയുടെ ആത്യന്തികമായ ലക്ഷ്യം. എന്നാല്‍ അത് കൈവരിയ്ക്കുന്നതിന് പരമസത്യത്തെക്കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതവുമാണ് .

3.യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയലാണ് എപ്പോഴും നല്ലത്. സംശയനിവാരണം നടത്തുമ്പോള്‍ പോലും നമ്മളാരും തെറ്റിലേയ്ക്ക് അല്ലെങ്കില്‍ മായയിലേയ്ക്ക് വ്യതിചലിയ്ക്കപ്പെടാന്‍ ആഗ്രഹിയ്ക്കുന്നില്ല. അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ നാമാരോടും ആവശ്യപ്പെടുന്നുമില്ല.
ഈ ഭൌതിക ലോകത്തില്‍ രണ്ടു തരത്തിലുള്ള ആള്‍ക്കരാണ് നിത്യാനന്ദം അനുഭവിയ്ക്കുന്നത്, ഒന്ന് പൂര്‍ണ്ണമായും മായയിലിരിക്കുന്ന ഭ്രാന്തനും ഇനിയൊന്ന് തികച്ചും ജ്ഞാനാര്‍ജ്ജനത്താല്‍ പ്രബുദ്ധത കൈവരിച്ച യോഗിയും.

4.ഭൌതിക തലത്തില്‍ പോലു ജ്ഞാനി സന്തോഷവാനാണ് , തന്‍റെ ലക്ഷ്യ്മെന്താണെന്ന് അയാള്‍ക്ക് നന്നായറിയാമായിരിയ്ക്കും. അതില്‍ നിന്നവന്‍ ഒരിയ്ക്കലും വ്യതിചലിയ്ക്കുന്നില്ല, അഥവാ സ്വല്പം വഴി പിഴച്ചാല്‍ തന്നെ പെട്ടെന്നത് മനസ്സിലാക്കി തിരിച്ചു വരുന്നു. അജ്ഞത എല്ലായ്പ്പോഴും വിനകളെ വരുത്തിവയ്ക്കുന്നു.

5.തെറ്റായ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ഒരു ഗണിത വാക്യം തെറ്റായ ഫലം തരുന്നത് പോലെ ഇഹലോകത്തെക്കുറിച്ച് നമുക്ക് തെറ്റായ ഒരു മാനദണ്ഡമാണുള്ളതെങ്കില്‍ ജീവിതത്തില്‍ നാം ചിന്തിച്ചുറപ്പിയ്ക്കേണ്ട കാര്യങ്ങള്‍, അതായത് നാം ആരാണ് ? ഇവിടെ നമ്മുടെ കര്‍ത്തവ്യങ്ങളെന്തൊക്കെയാണ് ? ഇത്തരം ചോദ്യങ്ങള്‍ക്കൊക്കെ നാം തെറ്റായ ആശയങ്ങളിലായിരിയ്ക്കും നമ്മുടെ ചിന്താധാരയിലൂടെ ചെന്നെത്തുന്നത്. സത്യത്തിനോടുള്ള നമ്മുടെ സാമീപ്യം നമ്മുടെ പ്രവൃത്തികളെ മുഴുവാനായും സ്വധീനിയ്ക്കുന്നു.

6.സനാതനമായ പ്രപഞ്ച സത്യങ്ങളില്‍ കെട്ടിപ്പടുക്കുന്ന ജീവിതം ശിലാ നിര്‍മ്മിതമായൊരു ഗൃഹം പോലെ ഉറപ്പേറിയതാകും; എന്നാല്‍ താത്കാലികമായ, സാഹചര്യങ്ങളുടെ ബദ്ധതയില്‍ അഥവാ മായയിലധിഷ്ഠിതമായ സത്യങ്ങളിലുള്ള ജീവിതം മണലാല്‍ നിര്‍മ്മിതമായ സൌധങ്ങള്‍മാതിരി ക്ഷണികമാണ്. അപ്പോള്‍ സ്ഥായിയാത് ഏതാണെന്ന് നിങ്ങള്‍ തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ!

7.നാം സ്വയം നിര്‍മ്മിച്ച ചെറു കുമിളകളിലിരിയ്ക്കുമ്പോഴാണ് നമുക്ക് കൂടുതല്‍ സുരക്ഷിതരാണെന്ന് തോന്നല് ഉണ്ടാകുന്നത്. പക്ഷെ സത്യം എപ്പോഴും മായയെക്കാള്‍ ശക്തമാണ് കൂടാതെ അത് ആത്യന്തികമായി മായയാകുന്ന കുമിളകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാറുമുണ്ട്.

8.യഥാര്ത്ഥ ജ്ഞാനത്തില്‍ നാം നിലനിന്നില്ലെങ്കില്‍ മനുഷ്യന് വിഭ്രാന്തിയിലേയ്ക്ക് നയിക്കപ്പെടാനുള്ള സാദ്ധ്യത ഏറുന്നു. മനസ്സിന്‍റെ ആഴങ്ങളില് അത്തരക്കാര്‍ക്ക് തോന്നും എന്‍റെ പ്രവൃത്തികളില്‍ എന്തൊ ശരികേടുണ്ട് എന്ന്. അവര്‍ക്കൊരുപക്ഷെ വിരല്‍ ചൂണ്ടി പറയാന്‍ കഴിഞ്ഞു എന്നു വരുകയില്ല പക്ഷെ തങ്ങളുടെ ചെയ്തികളെ ദിവസേന നിരീക്ഷിയ്ക്കുന്ന ഒരാള്‍ക്ക് മുന്നോട്ട് പോയിക്കോണ്ടിരിക്കുന്ന ജീവിതത്തില്‍ ഉപരിപ്ലവമായിരിയ്ക്കുന്ന ആവശ്യകതയെ തീര്‍ച്ചയായും പുറത്തുകൊണ്ടു വരുവാന്‍ സാധിയ്ക്കും. അത്തരത്തിലുള്ള ഉറപ്പും മറ്റനേകം ഊര്‍ജ്ജ സ്വരൂപങ്ങളും സത്യാധിഷ്ഠിത ജ്ഞാനത്തില്‍ കണ്ടെത്താനായെന്നു വരും.

2 comments:

എന്‍റെ ഗുരുനാഥന്‍ said...

താത്കാലികമായ ഭൌതിക വസ്തുക്കളില്‍ നിന്നും കരഗത മാകുന്ന ആനന്ദം കേവലം നൈമിഷികം മാത്രമാകുന്നു, എന്നാല്‍ പരമ സത്യത്തില്‍ നിന്നുളവാകുന്ന ആനന്ദം സ്ഥായിയാണ് . നാം ആരാണെന്ന് മനസ്സില്ലാക്കാത്തിടത്തോളം അല്ലെങ്കില്‍ എന്താണിവിടെ നടക്കുന്നതെന്നറിയത്തിടത്തോളം നമുക്ക് സംതൃപ്തി എന്നത് കിട്ടാക്കനിയാവുകയും ബദ്ധതയില്പ്പെട്ട് നട്ടം തിരിയേണ്ടതായും വരുന്നു. എല്ലാവരും പ്രയത്നിയ്ക്കുന്നത് പൂര്‍ണ്ണത കൈവരിയ്ക്കുവാനാണ് അല്ലെങ്കില്‍ അവിടേയ്ക്ക് എത്തിച്ചേരുവാനാണ്. ആത്മീയ ലോകത്തുള്ള ജീവിതമാണ് പരിപൂര്‍ണ്ണതയുടെ ആത്യന്തികമായ ലക്ഷ്യം. എന്നാല്‍ അത് കൈവരിയ്ക്കുന്നതിന്‍ പരമസത്യത്തെക്കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതവുമാണ് .

Unknown said...

നമ്മൾ സൃഷ്ടിച്ചവയെ ആരാധിക്കാതെ നമ്മളെ സൃഷ്ടിച്ച ശക്തിയെ ആരാധിക്കു...