
സ്ത്രീ ജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത തിരുപ്പന്‍ ആള്‍വാര്‍ സന്നിധി ഇവിടെയുണ്ടെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.
ശിവ ഭൂതങ്ങളില്‍ പ്രധാനിയായ കണ്ഡകര്‍ണ്ണന്‍റെ പ്രവൃത്തികള്‍ വളരെ വിചിത്രവും ഭീകരവുമായിരുന്നു. കൂടാതെ അയാളുടെ രൂപവും കാണുന്ന മാത്രയില്‍ തന്നെ ആരെയും പേടിപ്പിയ്ക്കുന്ന തരത്തില്‍ വികൃതവുമായിരുന്നു. ശിവപ്പെരുമാളിന് വേണ്ടി ബലി നല്കലായിരുന്നു അതും നരബലി അര്‍പ്പിയ്ക്കലായിരുന്നു അയാളുടെ ഇഷ്ട വിനോദം. ഇതറിഞ്ഞ രുദ്രന്‍ ഒരിയ്ക്കല്‍ കണ്ഡകര്‍ണ്ണനെ ഉപദേശിയ്ക്കുകയും ശാന്ത സ്വരൂപിയായ ശ്രീമന്‍ നാരായണനെ ആരാധിയ്ക്കാന്‍ അവനോട് നിര്ദ്ദേശിയ്ക്കുകയും ചെയ്തു. അതിലൂടെ മുക്തി ലഭിയ്ക്കുമെന്നും പരമ പദം പ്രാപിയ്ക്കാമെന്നും രുദ്രന്‍, കണ്ഡകര്ണ്ണനെ ഉപദേശിച്ചു. ഇതു കേട്ടമാത്രയില്‍ തന്നെ തന്‍റെ ചെവികളില്‍ രണ്ട് മണികള്‍ കെട്ടിയിടുകയും അങ്ങനെ കണ്ഡകര്‍ണ്ണന് എകാഗ്രമായി ഭഗവാനെ ധ്യാനിയ്ക്കാന്‍ തുടങ്ങി. അങ്ങനെ അഷ്ടാക്ഷര മന്ത്രമായ ഓം നമോ നാരായണ ജപിയ്ക്കുകയും തന്‍റെ ഏകാഗ്രമായ തപസ്യകളിലൂടെ കണ്ഡകര്‍ണ്ണന്‍ മുക്തിയെ പ്രാപിയ്ക്കുകയും ചെയ്തു.
പണ്ട് പണ്ട് ഈ സ്ഥലത്ത് വളരെ നല്ലോരു സ്ത്രീ താമസിച്ചിരുന്നു, ശംങ്കരമംഗല തെന്മൈ എന്നായിരുന്നു അവരുടെ നാമം. ശ്രീമന്‍ നാരായണനോട് വളരെയധികം ഭക്തി തോന്നിയ അവര്‍ ഏകാദശി ദിനങ്ങളിലെല്ലാം ഉപവാസമനുഷ്ഠിച്ചു പോന്നു, കൂടാതെ ഉപവാസം അവസാനിച്ചു കഴിഞ്ഞാലുടന് തന്നെ ഏതെങ്കിലും ഒരു ബ്രഹ്മചാരിക്ക് ഭക്ഷണം നല്‍കുക പതിവായിരുന്നു. അങ്ങനെ ഒരു ഏകാദശി ദിവസം ആ സ്ത്രീ രത്നം ഭക്ഷണം കൊടുക്കുന്നതിനായി ഒരു ബ്രഹ്മചാരിയ്ക്കായി തന്‍റെ വീടിനു പുറത്ത് കാത്തു നിന്നു. എന്നാല്‍ ആ സമയത്ത് തോലകാസുരനെന്ന രാക്ഷസന്‍ അവിടേയ്ക്ക് വരുകയും ആ സാധു സ്ത്രീയുടെ വ്രതം മുടക്കാനായി നിലകൊള്ളൂകയും ചെയ്തു. ശംങ്കരമംഗലയില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിയ്ക്കരുതെന്ന് അവന്‍ എല്ലാവരെയും വിലക്കി. ഇതില്‍ ദുഃഖാകുലയായ അവര്‍ ഭഗവാനോട് പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് തന്നെ തന്‍റെ പ്രാര്‍ത്ഥനയുടെ ഫലമെന്നോണം ഒരു ബ്രഹ്മചാരിയുടെ രൂപത്തില്‍ ഭഗവാന്‍ അവിടേയ്ക്ക് വരുകയും ശംങ്കരമംഗലയില്‍ നിന്ന് ഭക്ഷണം സ്വീകരിയ്ക്കുകയും ചെയ്തു. ഇതുകണ്ട തോലകാസുരന്‍ അത് തടയാന്‍ ശ്രമിയ്ക്കുകയും അതിനായി ഭഗവാനുമായി ഏറ്റുമുട്ടി. യുദ്ധത്തില്‍ തോലകാസുരന്‍ കൊല്ലപ്പെടുകയും ചെയ്തു.
തോലകാസുരനെ വധിച്ചതിനുശേഷം ആ ബ്രഹ്മചാരി രൂപം ശംങ്കരമംഗലയുടെ ഗൃഹത്തിലേയ്ക്ക് കയറുകയും തനിയ്ക്കായി ഒരുക്കി വച്ചിരുന്ന ഭക്ഷണം മുഴുവനും കഴിച്ചു തീര്‍ക്കുകയും ചെയ്തു. ആ സമയം ശംങ്കരമംഗല, തന്‍റെ ധ്യാന ദൃഷ്ടിയില്‍ ബ്രഹ്മചാരി രുപത്തിലുള്ള ഭഗവാനെ ദര്‍ശിച്ചു. തത്ക്ഷണം തന്നെ സംശയ നിവൃത്തിയ്ക്കായി വക്ഷസ് മറഞ്ഞ് നിന്നിരുന്ന വസ്ത്രം മാറ്റാനായി അവര്‍ ഭഗവാനോടാവശ്യപ്പെട്ടു. വസ്ത്രം മാറ്റിയപ്പോളാ തിരുമാറില് ലക്ഷ്മീദേവിയെ അവര്‍ക്കു കാണായി. അങ്ങനെ അവിടുന്ന് തിരുവാഴ് മാര്‍ഭനെന്നും കൂടാതെ ഒരു ബ്രഹ്മചാരിയായി വന്ന് ലക്ഷ്മീ ദേവിയുടെ ദര്‍ശനം നല്കിയതിനാല്‍ അവിടുത്തെ ശ്രീ വല്ലഭന്‍ എന്നും അറീയപ്പെട്ടു തുടങ്ങി.
ഇവിടെ
ലക്ഷ്മീദേവിയെ സെല്‍വ തിരുകൊഴുന്തു നാച്ചിയാരെന്നും, വാത്സല്യ ദേവിയെന്നും അറിയപ്പെടുന്നു. ഭഗവാന്‍റെ സുദര്‍ശന ചക്രത്തിന് പ്രത്യേക സന്നിധിയുണ്ടെന്നുള്ളതും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ് .ഇവിടുത്തെ മൂല വിഗ്രഹം കോലപ്പിരനാണ്, തിരുവാഴ്മാര്‍ബനെന്നും അവിടുത്തെ വിളിയ്ക്കുന്നു. ഭഗവാനിവിടെയും നിന്ന തിരുക്കോലത്തിലാണ് കാണപ്പെടുന്നത്. കിഴക്കേദിശയിലാന് ഭഗവാനിവിടെ ദര്‍ശനം നല്‍കുന്നത്. നമ്മാള്‍വാരിവിടെ പത്ത് പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നു. കണ്ഡകാര തീര്‍ത്ഥവും പമ്പാ നദിയുമാണിവിടുത്തെ പ്രധാന തീര്‍ത്ഥങ്ങള്‍. ചതുരംഗകോല വിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.
